ലക്ഷദ്വീപ് വിഷയത്തിൽ അമിത് ഷാ ടെലഫോണിൽ ബന്ധപ്പെട്ടു; ആശങ്കകൾ വേണ്ടെന്ന് അദ്ദേഹം അറിയിച്ചു -കാന്തപുരം
text_fieldsകോഴിക്കോട്: ലക്ഷദീപ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കകൾ വേണ്ടെന്നും ജനനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാന്തപുരം വിവരം അറിയിച്ചത്.
''അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദ്വീപ് വാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്ന് വിശദീകരിച്ച് ഇന്ത്യൻ പ്രസിഡന്‍റ്, പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തയച്ചിരുന്നു. പ്രസ്തുത കത്ത് വായിച്ച ശേഷം, ബഹു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.
കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും സർക്കാർ നിൽക്കുകയെന്നും ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു.
അതേസമയം, ദ്വീപ് വാസികൾ ഇപ്പോഴും അനുഭവിക്കുന്ന കടുത്ത ആശങ്കളെ പറ്റി സംഭാഷണത്തിൽ സംസാരിച്ചു. ദ്വീപ് വാസികൾക്ക് മേൽ അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ആറു മാസങ്ങളിൽ ചുമത്തിയ നിയമങ്ങൾ ഒഴിവാക്കണമെന്നും അവരുടെ തനത് ജീവിത സംസ്കാരങ്ങൾ തുടരാൻ പ്രോത്സാഹനകരമായ നിലപാടുകളാണ് സർക്കാർ എടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങൾ റദ്ദാക്കി ഉത്തരവ് വന്നാലേ ജനങ്ങൾ ആശങ്കകളിൽ നിന്ന് മുക്തരാകുകുകയുള്ളൂ എന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്'' -കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.