Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപലരും കരുതി മുഹമ്മദ്...

പലരും കരുതി മുഹമ്മദ് മുസ്‍ല്യാർ എന്‍റെ അനിയനാണെന്ന്...; പേരിലെയും രൂപത്തിലെയും സാമ്യം ഞങ്ങളെ ബന്ധുക്കളാക്കി

text_fields
bookmark_border
Kanthapuram A P Muhammed Musliyar, Kanthapuram A P Aboobacker Musliyar
cancel

കോഴിക്കോട്: അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി. മുഹമ്മദ് മുസ്‍ല്യാരെ കുറിച്ചുള്ള ഓർമകളുമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാർ.

തന്റെ മികച്ച വിദ്യാർഥികളിൽ ഒരാളായിരുന്നു മുഹമ്മദ് മുസ്‍ല്യാർ എന്ന് സൂചിപ്പിച്ച കാന്തപുരം പേരിലെയും രൂപത്തിലെയും സാമ്യം കൊണ്ട് പലയാളുകളും അദ്ദേഹം തന്നെ അനിയനാണെന്നാണ് കരുതിയത് എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. ഏറ്റെടുത്ത പല ഉത്തരവാദിത്തങ്ങളും സുഗമമായി നിർവഹിക്കാൻ സഹായിച്ചത് മുഹമ്മദ് മുസ്‍ല്യാർ ആയിരുന്നു. അദ്ദേഹം ഏറ്റെടുത്ത ഒരു കാര്യത്തെ കുറിച്ച് ആർക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടാവില്ലെന്നും 'നിഴൽ പോലെ കൂടെ നടന്നൊരാൾ' എന്ന പേരിൽ പങ്കുവെച്ച കുറിപ്പിൽ കാന്തപുരം ഓർക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

നിഴൽ പോലെ കൂടെ നടന്നൊരാൾ

വെല്ലൂർ ബാഖിയാത്തിലെ പഠനത്തിനു ശേഷം ഞാൻ ആദ്യമായി ദർസ് തുടങ്ങിയത് പൂനൂരിനടുത്ത മങ്ങാട് ആയിരുന്നു. 1964 ൽ ആണത്. ആ ദർസിൽ ഓതാൻ സമ്മതവും ചോദിച്ചു വന്നപ്പോൾ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. കരുവൻപൊയിലിൽ ദർസ് നടത്തിയിരുന്ന എടവണ്ണപ്പാറ അബ്ദുല്ല മുസ്‌ലിയാരുടെ അടുത്തായിരുന്നു അപ്പോൾ അദ്ദേഹം ഓതിയിരുന്നത്. ഓതി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അറുപതോളം കുട്ടികൾ ഉണ്ടായിരുന്ന മാങ്ങാട്ടെ ദർസിലേക്ക് ഒരാളെ കൂടി ചേർക്കാനുള്ള വക അന്നുണ്ടായിരുന്നില്ല. ഭക്ഷണം തരപ്പെടുത്താനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. അതുകൊണ്ടു തിരിച്ചയക്കേണ്ടി വന്നു. പിറ്റേ വർഷം റമളാനിൽ എനിക്ക് കരുവൊമ്പൊയിലിനടുത്ത എരമ്പൊയിൽ പുതിയോത്ത് പള്ളിയിൽ വഅളുണ്ടായിരുന്നു. കുഞ്ഞോലൻ കുട്ടി മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. രാവിലെ ഞാൻ പത്രവും വായിച്ചിരിക്കുമ്പോഴുണ്ട് മുഹമ്മദ് മുസ്‌ലിയാർ വീണ്ടും വരുന്നു. ഓതാൻ വന്നോട്ടെ എന്നു ചോദിച്ചു. മങ്ങാട്ട് ആണെന്നും സ്ഥലം അറിയുമോ എന്നും ചോദിച്ചു. അറിയാം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വന്ന് ദർസിൽ ചേരുകയും ചെയ്തു.

ഏറെയും മുതിർന്ന വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന മങ്ങാട്ടെ ദർസിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ബാഖിയാത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ദർസുകളിൽ നിന്നും ഓതാൻ വന്നവരായിരുന്നു അവരിലധികപേരും. എന്നെ സംബന്ധിച്ചടുത്തോളമാകട്ടെ അധ്യാപന ജീവിതത്തിന്റെ തുടക്കവും. അണ്ടോണ മൊയ്തീൻ മുസ്‌ലിയാർ, കെ. കെ. മുഹമ്മദ് മുസ്‌ലിയാർ കരുവൻപൊയിൽ, യു പി അബൂബക്കർ കുട്ടി മുസ്‌ലിയാർ, സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വയനാട് അബ്ദുറഹിമാൻ മുസ്‌ലിയാർ തുടങ്ങിയവരവിടെ വിദ്യാർഥികൾ ആയിരുന്നു. പ്രായത്തിൽ ഏകദേശം എന്നോട് അടുത്തു നിൽക്കുന്നവരായിരുന്നു അവരിലധികവും. ഏറ്റവും സമർഥരായ വിദ്യാർഥികളെ മുന്നിൽ കിട്ടുന്നതിനേക്കാളും മികച്ച സന്തോഷം ഒരധ്യാപകന് വേറെയുണ്ടോ. അവരുടെ കൂർമ്മയുള്ള ചോദ്യങ്ങൾ, സംശയങ്ങൾ, ആലോചനകൾ, അഭിപ്രായങ്ങൾ. അവ കൊണ്ട് സമൃദ്ധമായിരുന്നു ആ ദർസ്. അതുകൊണ്ടുതന്നെ ഓരോ ക്ലാസ്സിനു പോകുമ്പോഴും പോയി തിരിച്ചുവന്നാലും നല്ലതുപോലെ മുത്വാലഅ ചെയ്യും. നല്ല തയ്യാറെടുപ്പോടെയേ ആ ക്ലാസുകളിലേക്ക് പോകാനൊക്കൂ. വിദ്യാർഥികളും അങ്ങിനെ തന്നെ. അധ്യാപന ജീവിതത്തിന്റെ ആ തുടക്കത്തെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ആ തുടക്കത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായപ്പോഴും പഴയ ആ വിദ്യാർഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. അതൊക്കെ നമ്മെ വലിയ തോതിൽ സഹായിക്കും. ഒരു മുദരിസ് എന്ന നിലയിൽ എന്റെ അധ്യാപന രീതികളെയും ശൈലികളെയും ചിട്ടപ്പെടുത്തുന്നതിൽ അറിവിനോടുള്ള ഈ ശിഷ്യന്മാരുടെ സ്നേഹവും ആദരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നല്ല തെളിമയുള്ള ബുദ്ധിയും വർത്തമാനവുമായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ പ്രത്യേകത. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒരു ഹദീസിനെ , അല്ലെങ്കിൽ ഒരു ഉദ്ധരണിയെ മറ്റനേകം വിഷയങ്ങളും വിജ്ഞാന മേഖലകളുമായി പരസ്പരം ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും വിശദീകരിക്കാനുള്ള കഴിവ് അദ്ദേഹത്തിനു നല്ലതു പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ കഴിവുകൾ ഏറ്റവും പ്രകടമായ സന്ദർഭങ്ങൾ ആശയ സംവാദ വേദികൾ ആയിരുന്നു. ഒട്ടനേകം സംവാദ വേദികളിൽ എന്റെ കൂടെ മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ ഒരു വിഷയം, അല്ലെങ്കിൽ ഒരു ആശയം പറഞ്ഞു പിന്നിലിരിക്കുന്ന മുഹമ്മദ് മുസ്‌ലിയാരെ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി. ഉപോൽബലകമായ ഉദ്ധരണികളുൾക്കൊള്ളുന്ന കിതാബ് അടയാളപ്പെട്ടുത്തിത്തരും. എല്ലാ കിതാബുകളിലൂടെയും ശ്രദ്ധയോടെ കടന്നു പോയ ഒരാൾക്കേ ഇതൊക്കെ തുടർച്ചയായി ഇത്രയും വേഗത്തിൽ ചെയ്യാൻ കഴിയൂ. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകരിൽ ഒരാളും മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ഒരേ സമയം പണ്ഡിതോചിതവും അതേ സമയം സാധാരണക്കാർക്കും മനസ്സിലാകുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണങ്ങൾ. ആർക്കും സംശയങ്ങൾ ബാക്കിയാകാത്ത വിധത്തിൽ തെളിമ ഉള്ളതായിരിക്കും ഓരോ പ്രഭാഷണങ്ങളും.

മങ്ങാട് ദർസിൽ ചേർന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഞാൻ പോയിടത്തൊക്കെ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി. അവിടെയൊക്കെ മുഹമ്മദ് മുസ്‌ലിയാർ വരികയും സേവനം ചെയ്യുകയും ചെയ്തു. കാന്തപുരത്ത്, ദർസിൽ, മർകസിൽ, സംവാദങ്ങളിൽ, സംഘടനയിൽ അങ്ങിനെ എല്ലായിടത്തും. ദർസ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാർ പോകൂല്ല. എന്റെ വീട്ടിൽ വന്നോതും. കാന്തപുരം ദർസിൽ അദ്ദേഹം മുദരിസ് ആയി നിന്ന സമയത്ത് എന്റെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. ബാഖിയാത്തിൽ പഠിച്ച രണ്ടുവർഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിലേക്ക് പോകുന്ന ദിവസം ഞാൻ കരുവൻപൊയിലിലെ വീട്ടിൽ പോയിരുന്നു. അന്നവിടെ താമസിച്ചു. അന്നു രാത്രിയും അവിടെ നിന്ന് അല്പം കിതാബ് ഓതി. പിറ്റേ ദിവസം രാവിലെ ദുആ ചെയ്ത്, യാത്രയാക്കിയാണ് പോന്നത്. ബാഖിയാത്തിൽ വിദ്യാർഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാർ മാസത്തിൽ ഒന്നും രണ്ടും എന്ന കണക്കെ ദീർഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷെ, ഞാൻ ഏറ്റവും കൂടുതൽ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാർക്ക് ആയിരിക്കും.

ഞാൻ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഗമമായി നിർവഹിക്കാൻ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. എന്റെ ദർസുകൾ, പ്രത്യേകിച്ചും ബുഖാരീ ദർസ്, എന്നെ ക്ഷണിക്കുന്ന നികാഹ് കാർമ്മികത്വങ്ങൾ, ഖാളി, മുഫ്‌തി എന്ന നിലക്ക് ചെയ്തുതീർക്കാനുള്ള ജോലികൾ. യാത്രകൊണ്ടോ മറ്റോ അതൊക്കെ മുടങ്ങും എന്നു വന്നാൽ അതെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാൻ അദ്ദേഹം കാണിച്ച ആത്മാർഥത മറക്കാൻ കഴിയില്ല. ആ ഉത്തരവാദിത്വങ്ങളൊക്കെ ഞാൻ എങ്ങിനെ ചെയ്യണം എന്നാഗ്രഹിക്കുന്നോ, അതിലേറെ ഭംഗിയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ടാകും. മുഹമ്മദ് മുസ്‌ലിയാർ ഏറ്റെടുത്ത ഒരു കാര്യത്തെ കുറിച്ച് ആർക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടാവില്ല. പേരിലെയും രൂപത്തിലെയും ശബ്ദത്തിലേയുമെല്ലാം സാമ്യത കൊണ്ട് മുഹമ്മദ് മുസ്‌ലിയാർ എന്റെ അനുജൻ ആണെന്ന് ധരിച്ച പലരും ഉണ്ടായിരുന്നു. എന്നാൽ എനിക്കദ്ദേഹത്തെ കുറിച്ച് അങ്ങിനെ തന്നെ കരുതുന്നതായിരുന്നു ഇഷ്ടം. ഒരു അനുജ സഹോദരൻ എന്ന കണക്കെ അദ്ദേഹം എപ്പോഴും എന്നോടൊപ്പം നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram A P Aboobacker MusliyarKanthapuram A P Muhammed Musliyar
News Summary - Kanthapuram A P Aboobacker Musliyar recall Kanthapuram A P Muhammed Musliyar
Next Story