കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കാന്തപുരം
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാര്‍. വെള്ളിയാഴ്ച പോളിങ് നടത്തുന്നത് വോട്ടർമാർക്ക് ബുദ്ധിമുട്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ എ.പി. അബൂബക്കർ മുസ്‍ലിയാര്‍ ചൂണ്ടിക്കാട്ടി.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിനിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
ജുമുഅ നമസ്കാരം നിർവഹിക്കേണ്ടതിനാൽ വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് പ്രയാസം സൃഷ്ടിക്കും. പോളിങ്ങിനെയും സാരമായി ബാധിക്കും. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇ-മെയിൽ സന്ദേശം വഴി ഇരുവരും അഭ്യർഥിച്ചു.
കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.