ഗുജറാത്ത്, റോഹിങ്ക്യൻ മുസ്‌ലിം വംശഹത്യ; വിവാദത്തിൽ വിശദീകരണവുമായി കാന്തപുരം എ.പി. അബ്ദുൽ ഹകീം അസ്ഹരി
text_fieldsകോഴിക്കോട്: ഗുജറാത്ത്, റോഹിങ്ക്യൻ മുസ്ലിംകൾ ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തതിനുള്ള ശിക്ഷയെന്ന പരാമർശത്തിൽ വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. അബ്ദുൽ ഹകീം അസ്ഹരി. വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ് അതെന്നും മറ്റൊരു സാഹചര്യത്തിൽ വായിക്കുന്നവർക്ക് അവിടെ താൻ ഉദ്ദേശിച്ച ബോധന രീതി മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
''ഓരോ സമൂഹത്തോടും സംസാരിക്കുമ്പോൾ, അവരുടെ സാഹചര്യം, പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നൽകുക. വിദ്യാർഥികളെ പഠനത്തിലും ഇസ്‌ലാമിന്‍റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചത്.
മുസ്‌ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകൾക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങൾ വിവരിക്കുന്നത് പ്രകാരം വിശ്വാസികൾ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും.
പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗ്ഗം. എന്നാൽ മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതർഥമാക്കുന്നില്ല'' -അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ പെരുവള്ളൂരിൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ മിഷൻ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വിദ്യാർഥികളോട് സംവദിക്കവെ അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞ മറുപടിയാണ് വിവാദമായത്. ഫെബ്രുവരി 19നായിരുന്നു പ്രസ്തുത പരിപാടി. 'റോഹിങ്ക്യൻ മുസ്ലിംകളെയും ഫലസ്തീൻ മുസ്ലിംകളെയും അതിക്രൂരമായി അടിച്ചമർത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങൾ നമ്മൾ കാണുന്നു. ഇതിന് പിന്നിൽ അവിടത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഇൗ ചെയ്തികൾക്കെതിരെ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്‌ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നില്ല' എന്ന ഒരു വിദ്യാർഥിയുെട ചോദ്യത്തിനാണ് അബ്ദുൽ ഹകീം അസ്ഹരി ഗുജറാത്ത് മുസ്ലിംകളുടെ കാര്യം കൂടി ചേർത്ത് മറുപടി നൽകിയത്.
മറുപടിയുടെ പൂർണരൂപം:
''ഫോട്ടോയിൽ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോവും ആർക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആ നാട്ടിലെ മുസ് ലിംകൾ നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകൻ റസൂലുല്ലാഹി ഒരിക്കൽ പറഞ്ഞു: ഞാൻ വേറെ ആരെയെങ്കിലും നമസ്കരിക്കാൻ ഏൽപിച്ചിട്ട് ഇതിലെയൊക്കെ ചുറ്റിനടന്ന് നമസ്കരിക്കാൻ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്.
നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങൾ നടപ്പാക്കാൻ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. അപ്പോൾ ഗുജറാത്തിലെ ജനങ്ങൾ നമസ്കരിച്ചിട്ടില്ലെങ്കിൽ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത്? അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും.
വിശ്വാസവും ആരാധനയും ഇല്ലാത്തതിന്‍റെ കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങൾ സംഭവിക്കുന്നത്. അതിനുള്ള ഒരു സമിതിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത നമസ്കാരം പഠിപ്പിക്കുന്നുണ്ട്, വഅള് നടത്തുന്നുണ്ട്, പരിപാടികൾ നടത്തുന്നുണ്ട്. അങ്ങനെ എല്ലാ നാട്ടിലും അങ്ങനെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്''- അബ്ദുൽ ഹകീം അസ്ഹരി മറുപടിയിൽ പറയുന്നു. ഇത് വിവാദമായതോടെയാണ് ഫേസ്ബുക്കിൽ ഇന്ന് വിശദീകരണം നൽകിയത്.
വിശദീകരണത്തിന്‍റെ പൂർണരൂപം:
കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലായിരുന്നു. മർകസിന്റെ നേതൃത്വത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ അവശ ജനവിഭാഗങ്ങളെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങളിലേക്കു കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമായ മീറ്റിങ്ങുകളിലായിരുന്നു. കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ്, മാസങ്ങൾക്കു മുമ്പ് കുറച്ചു മതവിദ്യാര്ഥികളുമായി നടത്തിയ ഒരു സംഭാഷണ ശകലം തെറ്റിദ്ധരിപ്പിക്കപ്പെടും വിധം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചു കണ്ടത്.
ഓരോ സമൂഹത്തോടും സംസാരിക്കുമ്പോൾ, അവരുടെ സാഹചര്യം , പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നൽകുക. അത് മറ്റൊരു കോണ്ടെസ്റ്റിൽ വായിക്കുന്നവർക്ക്, അവിടെ ഉദ്ദേശിക്കപ്പെട്ട ബോധന രീതി മനസ്സിലാക്കണമെന്നില്ല. വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ അവരെ പഠനത്തിലും, ഇസ്‌ലാമിന്‍റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.
മുസ്‌ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകൾക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങൾ വിവരിക്കുന്നത് പ്രകാരം വിശ്വാസികൾ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും.
പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗ്ഗം. എന്നാൽ മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതർഥമാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.