രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ –കാന്തപുരം
text_fieldsമുംബൈ: ഇന്ത്യ സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണെന്നും ഭരണഘടന നൽകുന്ന ഉറപ്പുകളാണ് പൗരന്മാർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ദേവ്നാറിൽ എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവക്ക് പരിക്കേൽക്കാതെ നോക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നത്. ഒരു സംസ്കാരം മാത്രം പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്റെ ബഹുസ്വര ജീവിതത്തിന് മുറിവേൽപിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഏകീകരണങ്ങളെല്ലാം ഇന്ത്യയെ ദോഷകരമായി ബാധിക്കും. ദലിതർ, ന്യൂനപക്ഷങ്ങൾ, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങി ഭൂരിപക്ഷം വരുന്ന പാർശ്വവത്കൃത വിഭാഗങ്ങളുടെ പുരോഗതിക്കായി ഭരണഘടന വിഭാവനം ചെയ്ത ആശയങ്ങളെല്ലാം നടപ്പാക്കണമെന്നും കാന്തപുരം പറഞ്ഞു.
ത്രിദിന സമാപന സമ്മേളനം അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്റെ ആലം, ഫസൽ കോയമ്മ, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, അബ്ദുറഹ്മാൻ ബാഖവി അൽഅഹ്സനി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.