സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷന്മാർ കൂടെ വേണം -നബീസുമ്മയെ വിമർശിച്ച സഖാഫിയെ ന്യായീകരിച്ച് കാന്തപുരം
text_fieldsന്യൂഡൽഹി: മണാലിയിലേക്ക് വിനോദയാത്ര പോയ കുറ്റ്യാടി സ്വദേശി നബീസുമ്മയെ വിമർശിച്ച ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷന്മാർ കൂടെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം പറഞ്ഞതിന് ഞാൻ മറുപടി പറയുകയല്ല, അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയുകയുമില്ല. അന്യ സ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകുമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷന്മാർ കൂടി വേണം. ഭർത്താവ് അല്ലെങ്കിൽ സഹോദരൻ പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്‌ലാമിൽ നിയമമുണ്ട് -അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നേരത്തെ, ഇബ്രാഹിം സഖാഫിയുടെ അധിക്ഷേപത്തെ തുടർന്ന് ഉമ്മാക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നബീസുമ്മയുടെ മകൾ ജിഫ്ന സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. ഉമ്മ എന്തോ വലിയ തെറ്റ് ചെയ്തത് പോലെയാണ് ആളുകൾ കാണുന്നത്. ഉമ്മ കരയുകയായിരുന്നു. ഉമ്മ ആകെ ചെയ്തത് ഒരു യാത്രപോയി എന്നതാണ്. ഇൻസ്റ്റ ഗ്രാമിനെ കുറിച്ചോ യൂട്യൂബിനെ കുറിച്ചോ ഒന്നും ഉമ്മക്ക് അറിയില്ല’ -മകൾ പറഞ്ഞിരുന്നു.
ഡിസംബർ 11നാണ് കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് സ്വദേശിനി നബീസുമ്മ മകൾക്കൊപ്പം മണാലി സന്ദർശിച്ചത്. ‘‘ഞമ്മളെ ഫ്രണ്ട്സ് ഹാജറാ... ഷഫിയാ... നസീമാ... സക്കീനാ... നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ... എന്താ രസം... ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ...’’ എന്ന് മഞ്ഞ് വാരിയെറിഞ്ഞ് നബീസുമ്മ പറയുന്ന റീൽസ് മകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായി.
എന്നാൽ, ഇതിനെ വിമർശിച്ചും അധിക്ഷേപിച്ചും കാന്തപുരം സുന്നി വിഭാഗം നേതാവും സുന്നി വോയ്സ് എഡിറ്റർ ഇൻ ചാർജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി രംഗത്തെത്തുകയായിരുന്നു. ‘25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം അങ്ങ് ദൂരെ മഞ്ഞിൽ കളിക്കാൻ പോയി, മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. പാത്തുമ്മാ വാ, കദീജാ വാ, ഇതാണ് ജീവിതം എന്നാണ് പറയുന്നത്’ എന്നായിരുന്നു അധിക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.