സുന്നി സംഘടനകളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം വിഭാഗം മുഖപത്രം
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ, ധാർമിക കാര്യങ്ങളിൽ സമുദായത്തിന്‍റെ ശാക്തീകരണം സാധ്യമാക്കാൻ സുന്നി സംഘടനകളുടെ സഖ്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ മുഖപത്രമായ 'സിറാജ്'. കേരള മുസ്ലിം ജമാഅത്ത് സെൻട്രൽ ബോർഡംഗം മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ 'വേണ്ടത് സുന്നി ഉലമ സഖ്യം' എന്ന ലേഖനത്തിലാണ് ഐക്യശ്രമങ്ങൾക്ക് ഗതിവേഗം പകരാൻ ആഹ്വാനം ചെയ്തത്.
സാമൂഹ്യ തിന്മകളടക്കമുള്ള നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് സുന്നി പണ്ഡിതർ രൂപം നല്‍കണം. സംഘടനകളുടെ ലയനത്തിന് പ്രായോഗിക പ്രശ്നങ്ങൾ ഉള്ളതിനാൽ സുന്നി പണ്ഡിതരുടെ സഖ്യത്തെക്കുറിച്ച് നേതൃത്വം ആലോചിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സംഘടനാ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി മദ്‌റസകള്‍ എല്ലാം പഴയ പോലെ തുടരുകയും സ്വയം പര്യാപ്ത സമുദായ സൃഷ്ടിപ്പിനായി കര്‍മപദ്ധതികളും ആശയങ്ങളും ഏകീകരിക്കുകയും ചെയ്യണം. വിരുദ്ധ നയനിലപാടുകളുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ പൊതുലക്ഷ്യങ്ങൾക്ക് വേണ്ടി മുന്നണികളായി പ്രവൃത്തിക്കുന്നതിനെ മാതൃകയാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങൾ:
'കേരളത്തില്‍ പ്രധാനമായും നാല് സംഘടനകളിലായി സുന്നി നേതൃത്വം ഭിന്നിച്ച് നില്‍ക്കുകയാണ്. അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. പലതും സംഘടനാപരവും നയപരവുമായ സമീപനങ്ങളുടെ ഭാഗമാണ്. മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ തീരെ കുറവാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും ഉലമാ സഖ്യം നിലവില്‍ വരുന്നതിന് തടസ്സമില്ല. രാഷ്ട്രീയത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും കേരള കോണ്‍ഗ്രസിനും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. അപ്രകാരം കോണ്‍ഗ്രസും ലീഗും ആര്‍.എം.പിയും സി.എം.പിയും രാഷ്ട്രീയമായി വിഭിന്ന നിലപാടുകളുള്ളവരാണ്. പക്ഷേ, ഇവര്‍ ഒരു പൊതു ലക്ഷ്യത്തിന് വേണ്ടി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്തുകൊണ്ട് സുന്നി ഉലമക്ക് സാധിക്കില്ല?
ലക്ഷ്യം ഇതാണ്, സമുദായത്തിന് ഒരു ഏകീകൃത കര്‍മപദ്ധതി ആവശ്യമാണ്. പ്രബോധനവും സാമുദായിക ശാക്തീകരണവും ഉന്നം വെച്ച് പുതിയ ആവിഷ്‌കാരങ്ങള്‍ ഉണ്ടാകണം. അവ സര്‍വതല സ്പര്‍ശിയും മനുഷ്യ സ്പര്‍ശിയുമാകണം. സ്ഥായീ സ്വഭാവമുള്ളതാകണം. അവയുടെ പ്രായോഗവത്കരണത്തില്‍ സുന്നി ഉലമ ഒന്നിച്ച് നില്‍ക്കണം. വ്യത്യസ്ത നേതൃത്വങ്ങള്‍ക്ക് കീഴിലുള്ള വിവിധ സംവിധാനങ്ങള്‍ വഴി ആ ഏകീകരിച്ച കര്‍മപദ്ധതി നടപ്പാക്കപ്പെടണം. പത്ത് വര്‍ഷം കൊണ്ട് ഇന്നത്തെ ചിത്രം മാറ്റിയെടുക്കാന്‍ ഉലമാ സഖ്യത്തിന് സാധിക്കും.
സംഘടനാ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി മദ്‌റസകള്‍ എല്ലാം പഴയ പോലെ തുടരട്ടെ. സ്വയം പര്യാപ്ത സമുദായ സൃഷ്ടിപ്പിനായി നാം ആവിഷ്‌കരിക്കുന്ന കര്‍മപദ്ധതികളും ആശയങ്ങളും ഏകീകരിക്കുകയാണ് വേണ്ടത്. ഇതിന് സുന്നി ഉലമാ സഖ്യം നേതൃത്വം നല്‍കണം. പണ്ഡിതരുടെ കരങ്ങളില്‍ നിന്ന് സമുദായത്തിന്‍റെ കൗമാരവും യൗവനവും തട്ടിയെടുക്കപ്പെടുന്ന ദുരന്തം ഇനിയും ആവര്‍ത്തിക്കാനിടയായാല്‍ ഈ സമുദായം കാടുകയറി നശിക്കും. മനസ്സ് നിറഞ്ഞ് പറയട്ടെ, ഇതാണ് അനുകൂല സാഹചര്യം. സമുദായ ശരീരത്തെ ആസകലം പിടികൂടിയ സര്‍വതരം തിന്മകളില്‍ നിന്നും ഉമ്മത്തിനെ രക്ഷിക്കാന്‍ വരക്കല്‍ തങ്ങള്‍ ഒരിക്കല്‍ കൂടി സുന്നി ഉലമയെ വിളിക്കുന്നുണ്ട്. ഈ വിളി കേട്ടൊന്നിച്ചിരിക്കുന്നത് കാണാന്‍ ഉമ്മത്ത് കാത്തിരിക്കുന്നു. തെക്കും വടക്കുമുള്ള സുന്നി ഉലമയുടെ നാല് സംഘടനകളും ഈ മഹാരഥന്മാരുടെ നേതൃത്വത്തില്‍ ഒരു സഖ്യമായി പ്രവര്‍ത്തിക്കുന്നതിന് പ്രായോഗികമായി ഇപ്പോള്‍ ഒരു തടസ്സവുമില്ല''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.