സമസ്ത നൂറാം വാർഷികം: കാന്തപുരത്തിന്‍റെ പ്രഖ്യാപനം 30ന്
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30ന് കാസർകോട് ചട്ടഞ്ചാലില്‍ പ്രഖ്യാപിക്കുമെന്ന് ജന. സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിദ്യാഭ്യാസ, തൊഴില്‍, നൈപുണി വികസന മേഖലകളില്‍ ഗുണനിലവാരവും സ്വയംപര്യാപ്തതയും വര്‍ധിപ്പിക്കാനുതകുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കമാകും.
വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രസിഡന്‍റ് സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രഖ്യാപനം നിർവഹിക്കും.
സമസ്ത ഇ.കെ വിഭാഗം 100ാം വാർഷികം നടത്തട്ടെയെന്നും അവരുമായി വാദപ്രതിവാദത്തിന് തങ്ങളില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം വ്യക്തമാക്കി. താൻ ’74 മുതൽ സമസ്തയിൽ പ്രവർത്തിക്കുന്നു. ജോയിൻറ് സെക്രട്ടറിയും പിന്നീട് ജന. സെക്രട്ടറിയുമായി പ്രവർത്തനം തുടരുകയാണ്. 60ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര മതസ്ഥരുടെ ആഘോഷങ്ങൾ ഇസ്ലാമികമായി അംഗീകരിക്കാനാകില്ലെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ആഘോഷത്തിൽ പങ്കെടുക്കലും സംസ്കാരം പകർത്തലും വ്യത്യസ്തമാണ്. ആഘോഷങ്ങളിൽ സൗഹൃദമാകാം. എന്നാൽ മറ്റുള്ളവരുടെ സംസ്കാരം പകർത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരായ ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.