ജനങ്ങളെ തമ്മിലടിപ്പിക്കരുത് -സമസ്ത കാന്തപുരം വിഭാഗം
text_fieldsകോഴിക്കോട്: സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെടേണ്ട സൗഹൃദത്തെയും ഐക്യത്തെയുംകുറിച്ച് തുറന്ന മനസ്സാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്കുള്ളതെന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി.
ഭിന്നതയും ശത്രുതയും അനാവശ്യ സ്പര്‍ധക്ക് വഴിവെക്കും. ആശയപരമായി യോജിപ്പുള്ളവര്‍ അകന്നുനില്ക്കുന്നത് സമൂഹത്തിനോ രാഷ്ട്രത്തിനോ ഗുണകരമല്ല. ഇതില്‍ മറിച്ചൊരഭിപ്രായം ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ സമസ്തക്കുണ്ടായിട്ടില്ല. പ്രശ്നാധിഷ്ഠിതമാണ് രാഷ്ട്രീയ കക്ഷികളോടുള്ള സമസ്തയുടെ നിലപാട്. പ്രത്യേക കക്ഷി ആഭിമുഖ്യവും പണ്ഡിത സഭയുടെ രീതിയല്ല. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. പൊതുസിവില്‍ നിയമം രാജ്യത്ത് അടിച്ചേല്പിക്കണമെന്നത് ഭരണഘടന നിര്‍മാതാക്കളുടെ ലക്ഷ്യമല്ല. വിവിധ മതസമൂഹങ്ങളിലെ വ്യക്തിനിയമ വൈജാത്യങ്ങള്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായി കാണണമെന്ന മുന്‍ നിയമ കമീഷന്റെ നിലപാട് സ്മരണീയമാണ്.
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതിനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനും മാത്രമേ ഇങ്ങനെയൊരു നിയമനിര്‍മാണം നിമിത്തമാകൂ. ഇതിനെ ഒരു ഭരണഘടനാ പ്രശ്നമായാണ് എല്ലാവരെയും പോലെ സമസ്തയും സമീപിക്കുന്നത്. ഇന്ത്യയുടെ പൊതുപ്രശ്നമായി കണ്ട് നിയമാനുസൃത വഴിയില്‍ വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് വേണ്ടതെന്നും മുശാവറ കൂട്ടിച്ചേർത്തു.
മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച് ഇരകള്‍ക്ക് ആശ്വാസം പകരണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് സ്വാഗതവും പേരോട് അബ്ദുറഹ്മാന് സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.