'മൗനീബാവകൾ ഓർത്തുവെച്ചോളൂ!' -എൽ.ഡി.എഫ് സ്വതന്ത്ര എം.എൽ.എമാർക്കും മന്ത്രിമാർക്കും താക്കീതുമായി കാന്തപുരം വിഭാഗം നേതാവ്
text_fieldsകോഴിക്കോട്: സിറാജ് ലേഖകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്ത എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും താക്കീതുമായി കാന്തപുരം വിഭാഗം നേതാവ്. 'ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങൾ മൗനീബാവകളായിരിക്കുന്നത്. നിങ്ങൾക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്' എന്നാണ് കാന്തപുരം വിഭാഗം നേതാവും എഴുത്തുകാരനുമായ ഒ.എം. തരുവണ രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം, പി.വി. അന്‍വര്‍ എന്നിവരുടെ ഫോട്ടോകൾ പങ്കുവച്ചാണ് ഒ.എം. തരുവണ ഫേസ് ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. 'ശബ്ദം നഷ്ടപ്പെട്ടവർ!' എന്ന തലക്കെട്ടിലാണ് പോസ്റ്റ്. 'ഓർത്തുവെച്ചോളൂ, ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങൾ മൗനീബാവകളായിരിക്കുന്നത്. നിങ്ങൾക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്' എന്ന് തരുവണ മുന്നറിയിപ്പ് നൽകുന്നു.
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്‍ലിം ജമാഅത്ത് കഴിഞ്ഞദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കലക്ടറേറ്റ് മാർച്ചും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചിരുന്നു.
എസ്.വൈ.എസ്, എസ്.എസ്.എഫ് എസ്.എം.എ, എസ്.ജെ.എം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചില്‍ സർക്കാറിനെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നത്. നിയമ ലംഘകനായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കുകവഴി നാട്ടിലെ നിയമവാഴ്ചയെ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇത് കടുത്ത നീതിനിഷേധവും പൊതുജനത്തെ വെല്ലുവിളിക്കുന്നതുമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ തെറ്റായ ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലര്‍ത്താന്‍ അനുവദിക്കുകയില്ലെന്നും സംഘടന വ്യക്തമാക്കി. സർക്കാർ തീരുമാനം പുന:പരിശോധിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
ഒ.എം തരുവണയുടെ കുറിപ്പ്
ശബ്ദം നഷ്ടപ്പെട്ടവർ!
ഓർത്തു വച്ചാേളൂ; ഞങ്ങളുടെ വോട്ടു ബലത്തിനു പുറത്താണ് നിങ്ങൾ മൗനീബാവകളായിരിക്കുന്നത്. നിങ്ങൾക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.