കന്യാകുമാരി-കാസർകോട് ട്രെയിനുകൾക്ക് വേഗം കൂട്ടും
text_fieldsകൊച്ചി: കന്യാകുമാരി-കാസർകോട് പാതയിൽ ട്രെയിനുകൾക്ക് വേഗം കൂട്ടാനൊരുങ്ങുന്നു. ഇതിനായി പ്രത്യേക സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് റെയിൽവേ പാർലമെന്ററി സ്ഥിരം സമിതിയെ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.
മുൻ കേന്ദ്ര മന്ത്രി രാധാ മോഹൻസിങ് നയിക്കുന്ന 25 അംഗ പാർലമെന്ററി കമ്മിറ്റി കേരളത്തെ മുഖ്യ ലക്ഷ്യമാക്കി പ്രധാന റെയിൽവേ സ്റ്റേഷനുകൾ അടക്കം വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം തുടങ്ങി. ശനിയാഴ്ച കന്യാകുമാരി സന്ദർശിച്ചപ്പോഴാണ് ട്രെയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച വ്യക്തത വന്നത്. കേരളത്തിൽനിന്നുള്ള കൊടിക്കുന്നിൽ സുരേഷ് അടക്കം 25 എം.പിമാരുടെ സംഘം ഞായറാഴ്ച തിരുവനന്തപുരത്തും തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം സ്റ്റേഷനുകളിലും സന്ദർശനം നടത്തും. വെള്ളിയാഴ്ച മധുര റെയിൽവേ ഡിവിഷൻ സംഘം സന്ദർശിച്ചിരുന്നു.
കന്യാകുമാരി മുതൽ കാസർകോടുവരെയും അവിടെനിന്ന് മംഗളൂരുവരെയും ട്രെയിനുകൾക്ക് വേഗം കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് വിശദപഠനം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതിന് പ്രത്യേകം തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ തുക അനുവദിക്കുന്ന കാര്യത്തിൽ സംഘത്തിന്റെ ശിപാർശകൂടി പരിഗണിക്കും. ട്രെയിനുകളുടെ വേഗത്തിനൊപ്പം ടിക്കറ്റ് നൽകുന്നതിലും കോച്ചുകൾ ചാർട്ട് ചെയ്യുന്നതിലും ഡിജിറ്റൈസേഷൻ വികസനമാണ് കേരളത്തിന്റെ കാര്യത്തിൽ പ്രധാന പരിഗണനയിലുള്ളതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
കൂടുതൽ ട്രെയിനുകൾ, കൂടുതൽ സ്റ്റോപ്പുകൾ, സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കൽ എന്നീ കാര്യങ്ങളിൽ കാര്യമായ പരിഗണന പ്രതീക്ഷിക്കുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. സ്റ്റോപ്പുകൾ കുറക്കുക എന്നത് റെയിൽവേ പുതിയ നയമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്ഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), റെയിൽടെൽ, ശബരി റെയിൽ, എറണാകുളത്തുനിന്നും ആലപ്പുഴവഴി കായംകുളം വരെ പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്ററി കമ്മിറ്റിയുടെ ഇപ്പോഴത്തെ സന്ദർശനത്തിൽ പരിഗണനയിലുണ്ട്. തുറമുഖ കണക്ടിവിറ്റിയുടെ സാധ്യതയാണ് മധുര സന്ദർശനത്തിൽ പ്രധാനമായി പരിഗണിച്ചത്. പാലക്കാട് - നിലമ്പൂർ പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതാണ് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.