കാപ്കോസ്, ആധുനിക റൈസ് മില്ല് ഊരാളുങ്കലുമായി കരാര്‍ ഒപ്പുവെച്ചു; ഒരു വര്‍ഷത്തിനകം മില്ല് യാഥാര്‍ത്ഥ്യമാക്കും- മന്ത്രി വി.എൻ. വാസവന്
text_fieldsതിരുവനന്തപുരം : നെല്ല് സംഭരണത്തിലെ ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച അരി വിപണിയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണ സംഘം (കാപ്കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റുമായി കരാറില്‍ ഒപ്പുവെച്ചു.
കിടങ്ങൂര്‍ പഞ്ചായത്തില്‍ കാപ്കോസ് വാങ്ങിയ 10 ഏക്കര്‍ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും, ആധുനികമില്ലും മൂല്ല്യവര്‍ദ്ധിത ഉൽപന്നനിര്മ്മാണത്തിന് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുക. ഇന്ന് സഹകരണ മന്ത്രി വി.എൻ. വാസവെൻറ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച കരാറില്‍ കാംപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണനും, ഊരാളുങ്കല്‍ സെക്രട്ടറി ഷാജുവും ഒപ്പുവെച്ചു. നെല്‍കര്‍ഷകരുടെ സംഭരണ, വിപണന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച കാപ്കോസ് 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങുരില്‍ സാധ്യമാക്കുന്നത്. ഇതില്‍ 30 കോടി രൂപ ഓഹരി മൂലധനത്തിലൂടെയും ബാങ്കി തുക സര്‍ക്കാരിെൻറയും, വിവിധ ഏജന്‍സികളുടെയും സഹായത്തോടെയാണ് സമാഹരിക്കുക.
ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 35 കോടി ചിലവിലുള്ള ആധുനിക റൈസ് മില്ലാണ് സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം നടത്തിയ ശേഷമാണ് കോട്ടയത്ത് സ്ഥാപിക്കുന്ന മില്ലിെൻറ തീരുമാനം ആയത്. കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലയിലെ ഒരു വര്‍ഷത്തെ നെല്ല് ഉത്പാദനം 1,65000 മെട്രിക്ക് ടെണ്ണാണ്. കാപ്കോസ് സ്ഥാപിക്കുന്ന മില്ലില്‍ 50000 മെട്രിക്ക് ടെണ് സംസ്കരിക്കാന്‍ ശേഷിയുള്ളതാണ്.
ഒരുവര്‍ഷം എട്ട് ലക്ഷത്തിലധികം ടണ്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ ഏഴ് ലക്ഷം ടണ്ണും സംസ്കരിക്കുന്നതു സ്വകാര്യമില്ലുകളാണ്. ആ മേഖലയിലേക്കാണ് സഹകരണ മേഖല എത്തുന്നത്. മില്ല് പൂര്‍ത്തിയാകുന്നതോടെ നെല്ലു സംസ്കരണത്തിന്റെ മേഖലയില്‍ നാല് ശതമാനം കൂടി സര്‍ക്കാര്‍ -സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനം മാത്രമാണ്.
നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സംഘം വഴി നടപ്പിലാക്കും.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക സര്‍വിസ് സഹകരണ ബാങ്കുകള്‍ അംഗ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. പാലക്കാട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളില്‍നിന്ന് നെല്ല് സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിന് സംഘത്തിന് അനുമതിയുണ്ട്. പണം സ്വരൂപിച്ച് സ്ഥലം സ്വന്തമായി വാങ്ങി മില്ല് സ്ഥാപിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് സംഘം.
സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കാപ്കോസ് സെക്രട്ടറി കെ.ജെ. അനില്‍ കുമാര്‍, ഡയറക്ട് ബോര്‍ഡ് അംഗം പി.പി. പ്രവീണ്‍ കുമാര്‍, ഊരാളുങ്കല്‍ ജനറല്‍ മാനേജര്‍ ഗോപകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
ലക്ഷ്യം ഒരു വര്‍ഷത്തിനകം മില്ല് യാഥാര്‍ത്ഥ്യമാക്കുക : മന്ത്രി വി എന്‍ വാസവന്
തിരുവന്തപുരം : കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി ആധുനിക റൈസ് മില്ല് ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു.
അപ്പര്‍ കുട്ടനാട്ടിലാണ് ഇപ്പോള്‍ റൈസ് മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്ടിലും മില്ല് സ്ഥാപിക്കുന്ന കാര്യം സംഘം രൂപീകരിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു . ഇതിന്റെ തുടര്‍ച്ചയായി അതിലേക്ക് കടക്കും. നെല്ല് ഉത്പാദനം മാത്രമല്ല സംഘത്തിന്റെ ഉല്പന്നങ്ങള് വിപണയില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്നതും ലക്ഷ്യങ്ങളില്‍ പെടുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും സ്വകാര്യ മേഖലയിലും ഓണ്‍ലൈനുമാണ് വില്പന നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.