നാടുകടത്തിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
text_fieldsഅരൂർ: കോട്ടയം ജില്ലയിൽ നിന്ന് പൊലീസ് നാടുകടത്തിയ കാപ്പ കേസ് പ്രതി എരമല്ലൂരിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവഞ്ചൂർ ഏപ്ലാൻകുഴിയിൽ ജയകൃഷ്ണനാണ് (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടിൽ പ്രേംജിത്തിനെ (23) അരൂർ പൊലീസ് പിടികൂടി.
ശനിയാഴ്ച പുലർച്ച 4.30ഓടെ എരമല്ലൂർ എൻവീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാർ പൊറോട്ട കമ്പനിയിലാണ് കൊലപാതകം നടന്നത്. കമ്പനിയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട വിതരണം ചെയ്തിരുന്ന ജയകൃഷ്ണന്റെ വാഹനത്തിലെ സഹായിയാണ് പ്രേംജിത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം മുതലായ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്ണൻ കാപ്പ നിയമപ്രകാരം നാട്ടുകടത്തിയതിനെത്തുടർന്നാണ് ഇവിടെ ജോലിക്ക് കയറിയത്. ഇവർ ഒരുമിച്ച് സപ്ലൈക്ക് പോകുന്ന സമയങ്ങളിൽ ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്രേ. ഇതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കമ്പനിയിലെ ജോലിക്കാർ വിശ്രമിക്കുന്ന വീട്ടിൽ ഉറങ്ങുകയായിരുന്ന ജയകൃഷ്ണനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് മുതുകിൽ കുത്തിയുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മുറിയില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
അരൂർ ഇൻസ്‌പെക്ടർ പി.എസ്. ഷിജുവിന്റെയും സബ് ഇൻസ്പെക്ടർ എസ്. ഗീതുമോളിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജയകൃഷ്ണൻ അവിവാഹിതനാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.