കാപ്പിൽ തീരം സഞ്ചാരികളുടെ പറുദീസ, ഒപ്പം മരണക്കയവും
text_fieldsവർക്കല: ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും കാപ്പിൽ തീരം മരണക്കയമാകുന്നു. ലൈഫ് ഗാർഡുകളോ മതിയായ സുരക്ഷ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ദൈവം തന്ന മനോഹര തീരം മരണക്കയമാകുന്നു. തുടരെത്തുടരെ നിരവധി ജീവിതങ്ങളാണ് കടലിൽ പൊലിയുന്നത്. കഴിഞ്ഞ നവംബറിൽ ഉല്ലാസത്തിനായി കടലിലിറങ്ങിയ നവവരനെയാണ് കടലെടുത്തത്.
രണ്ടു വർഷത്തിനിടെ, കാപ്പിൽ തീരത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വൻ വളർച്ചയാണ് കൈവരിച്ചത്. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ജില്ല അതിർത്തിയായ ഇവിടം കടലും കായലും സന്ധിക്കുന്ന പ്രദേശമാണ്. അവധി ദിവസങ്ങളിൽ ഇവിടം തിങ്ങിനിറയുന്ന സഞ്ചാരികളുടെ പറുദീസയാകും. കടലിലേക്കൊന്നിറങ്ങിയാലോ മരണം തട്ടിയെടുക്കുന്ന അവസ്ഥയാണ്. അടിക്കടി കടൽത്തീരം മരണക്കയമാകുമ്പോഴും സുരക്ഷയൊരുക്കാൻ പഞ്ചായത്തോ ടൂറിസം പ്രമോഷൻ കൗൺസിലിനോ പദ്ധതികളൊന്നുമില്ല.
ഒരു വർഷത്തിനകം നിരവധി യുവാക്കളാണ് കാപ്പിൽ കടലിൽ മുങ്ങിത്താഴ്ന്നത്. അടുത്തിടെ, രണ്ടുപേരെ കടലിൽ കാണാതായതിനെ തുടർന്ന് ലൈഫ് ഗാർഡിനെ നിയോഗിച്ചെങ്കിലും വേതനം ലഭിക്കാത്തതിനെ തുടർന്ന് ഇവർ ജോലി അവസാനിപ്പിച്ചു. തീരത്ത് കേവലം മുന്നറിയിപ്പ് ബോർഡുകൾ മാത്രം സ്ഥാപിച്ച് അധികൃതർ തലയൂരി.
പ്രവൃത്തി ദിവസങ്ങളിലും ഇവിടെ എത്തുന്ന സ്കൂൾ, കോളജ് വിദ്യാർഥികളുടെ എണ്ണം വലുതാണ്. അവധി ദിവസങ്ങളിലാകട്ടെ, എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധത്തിലാകും തിരക്ക്. ആൺ-പെൺ സുഹൃത്തുക്കളും നിരവധിയാണെത്തുന്നത്. ഇവർ ചേക്കേറുന്നത് പൊഴി കടന്ന് കാറ്റാടിക്കൂട്ടങ്ങൾക്ക് ചുവട്ടിലാണ്. ഇവിടെ വെച്ച് മദ്യപിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമുണ്ട്. അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നിർബാധം തുടരുമ്പോഴും പൊലീസിന്റെ സാന്നിധ്യമേയില്ല. നാട്ടുകാർ ഇടപെട്ടാൽ അടിപിടിയിൽ കലാശിക്കുന്നതും നാട്ടുകാർ കേസിൽ പ്രതിയാകുകയുമാണ്. അതിനാൽ കൺമുന്നിൽ എന്തു നടന്നാലും ഇപ്പോൾ നാട്ടുകാർ ഇടപെടാറില്ല. യുവജനതയുടെ ഹവ്വാ ബീച്ചും പാർക്കുമെന്ന ഖ്യാതിയാണ് കാപ്പിൽ പൊഴിക്കപ്പുറത്തെ തീരത്തിന് ഇപ്പോഴുള്ളത്.
സന്ദർശകരുടെ ഉല്ലാസ സഞ്ചാരത്തിന് ചെറുതും വലുതുമായ 14 ബോട്ടുകളുമായി 2000ൽ തുടങ്ങിയ കാപ്പിൽ കായലിലെ പ്രിയദർശിനി ബോട്ട് ക്ലബിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണ്. ഇതിനെയും സർക്കാർ കൈയൊഴിഞ്ഞു. 2016ൽ നവീകരിച്ച ബോട്ട് ക്ലബ് നാടിന് സമർപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പുനരുജ്ജീവനം മാത്രം സാധ്യമായില്ല. പുതിയ ബോട്ട് ഒരെണ്ണമെങ്കിലും ലഭ്യമാക്കാനോ കട്ടപ്പുറത്തിരുന്ന് ജീർണിക്കുന്നവയിൽ ഒന്നെങ്കിലും നന്നാക്കാനോ സർക്കാറിന് തീരെ താൽപര്യവുമില്ല. തൊട്ടടുത്തുള്ള സ്വകാര്യ ബോട്ട് ക്ലബുകൾ സന്ദർശകർക്കായി ബോട്ടുകൾ നിരത്തിയിടുന്നതും സവാരി നടത്തി കാശ് വാരിക്കൂട്ടുന്നതും നോക്കി
നിൽക്കുകയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. തീരശോഷണം നേരിടുന്ന ഭാഗങ്ങളിൽ വിലക്കുകൾ ലംഘിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ ദൈനംദിനം ഉയരുന്നതുകണ്ട് പഞ്ചായത്തും കണ്ണടച്ചിരിക്കുന്നു.
കാപ്പിൽ തീരത്തെ കാറ്റാടിക്കൂട്ടം ലഹരി മാഫിയ സംഘത്തിന്റെ അധീനതയിലായിട്ട് കാലങ്ങളായി. ഇത് നിയന്ത്രിക്കാൻ കഴിയാതെ പൊലീസും സുല്ലിട്ട അവസ്ഥയാണ്. ആൺ-പെൺ ഭേദമില്ലാതെ
സ്കൂൾ കോളജ് വിദ്യാർഥികൾ പ്രവൃത്തി ദിവസങ്ങളിൽ പോലും തീരത്ത് കൂട്ടംകൂട്ടമായെത്തുന്നതും കടലിലിറങ്ങുന്നതും നിർബാധം തുടരുന്നുണ്ട്. അവധി ദിവസങ്ങളിൽ കുടുംബസമേതമെത്തുന്ന നാട്ടുകാർക്കുപോലും കടലിലിറങ്ങുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ യാതൊന്നും ഇവിടെയില്ലെന്നത് അധികൃതർക്കും നാണക്കേടായിട്ടുണ്ട്.
ജില്ല അതിർത്തി പ്രദേശമായ ഇവിടത്തെ ചുമതല അയിരൂർ-പരവൂർ പൊലീസ് സ്റ്റേഷനുകൾക്കാണ്. എന്നാൽ, തീരം ജനനിബിഡമായാലും ഇവിടേക്കൊരു ഓട്ട പ്രദക്ഷിണം നടത്താൻ പോലും പൊലീസിന് താൽപര്യമില്ല.
സാമൂഹിക വിരുദ്ധരുടെ സൗകര്യാർഥം രാത്രി ഈ ഭാഗത്തെ മിക്ക തെരുവുവിളക്കുകളും കത്തുന്നില്ലെന്ന പരാതികളും ടൂറിസം വികസനത്തിലെ പിന്നാക്കാവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.