കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസ്: വിധി പറഞ്ഞ ജഡ്‌ജിക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും വധഭീഷണി
text_fieldsതിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും വധഭീഷണി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷിനും പ്രോസിക്യൂട്ടർ സലാവുദ്ദീനുമാണ് കഴിഞ്ഞ ദിവസം തപാൽ മാർഗം ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് പൊലീസിന് കൈമാറി. കേസിൽ ഏഴുപേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നത്. ഏഴു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടർ സലാവൂദ്ദീനുനേരെ ദിവസങ്ങൾക്ക് മുമ്പും വധഭീഷണി ഉണ്ടായി. കേസിലെ നാലാം പ്രതി മാലിക്കിന്‍റെ ഭാര്യാപിതാവ് അമ്പലത്തറ മെഹമൂദാണ് (55) സലാവുദ്ദീന്‍റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയത്.
ഫോർട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മെഹമൂദിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പുതിയ സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണ് ഫോർട്ട് പൊലീസ് അറിയിച്ചു.
നേമം വെള്ളായണി അൽതസ്ലീം വീട്ടിൽ കബീറിന്‍റെ മകൻ റഫീഖിനെ (24) കാറ്റാടിക്കഴകൊണ്ട് അടിച്ചുകൊന്ന കേസിലാണ് വെള്ളായണി കാരയ്ക്കാമണ്ഡപം അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ (28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ (27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസിലിൽ ആരിഫ് (30), ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിന് സമീപം ആഷർ (26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ ആഷിഖ് (25), നേമം പുത്തൻവിളാകം അമ്മവീട് ലെയ്നിൽ ഹബീബ് റഹ്മാൻ (26) എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.