കാരാക്കുറുശ്ശി ഇരട്ടക്കൊല: പ്രതികൾക്ക് അഞ്ച് ജീവപര്യന്തം
text_fieldsമണ്ണാർക്കാട്: കാരാക്കുറുശ്ശിയിൽ അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജില്ല സ്പെഷൽ കോടതി അഞ്ച് ജീവപര്യന്തത്തിനും കൂടാതെ ഏഴുവർഷം തടവിനും 1.35 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കാരാകുറുശ്ശി ഷാപ്പുംകുന്നിലെ പരേതനായ കുത്തനിൽ പങ്ങെൻറ ഭാര്യ കല്യാണി (65), മകൾ ലീല (35) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കാരാകുറുശ്ശി പുല്ലക്കോടൻ വീട്ടിൽ സുരേഷ് (30), കാരാകുറുശ്ശി വെറുക്കാട്ടിൽ അയ്യപ്പൻകുട്ടി (33) എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്. സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധുവാണ് ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും കവർച്ചക്ക് ഇരട്ട ജീവപര്യന്തവും അതിക്രമിച്ച് കയറിയതിന് ഒരു ജീവപര്യന്തവും തെളിവ് നശിപ്പിക്കലിന് ഏഴുവർഷം തടവുമാണ് വിധിച്ചത്.
ഓരോ കേസുകളിലും 25,000 രൂപ പിഴയടക്കാനും വിധിച്ചു. പിഴത്തുകയിൽനിന്ന് 50,000 രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നൽകാനും ഉത്തരവിട്ടു. നഷ്ടപരിഹാരം പോര എന്ന് ബന്ധുക്കൾക്ക് തോന്നിയാൽ തക്കതായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് നിർദേശിച്ചു.
2009 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. 35 സാക്ഷികളെയും 50 തെളിവുകളും കോടതി പരിശോധിച്ചു. അമ്മയും മകളും അതിദാരുണമായി വെട്ടേറ്റ് മരിച്ച സംഭവം അപൂർവം കേസായി പരിഗണിച്ചാണ് കോടതി അത്യപൂർവമായ ശിക്ഷ വിധിച്ചത്.
കേസ് അത്യപൂർവമാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ തിരൂർ ഡിവൈ.എസ്.പിയായ അന്നത്തെ മണ്ണാർക്കാട് സി.ഐ കെ.എ. സുരേഷ്ബാബുവാണ് കേസന്വേഷിച്ചത്. വിധി കേൾക്കാൻ അദ്ദേഹവും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.