കാരക്കോണം തലവരിപ്പണം തട്ടിപ്പ്: ബിഷപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഭയമോ -ഹൈകോടതി
text_fieldsകൊച്ചി: കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളജിലെ തലവരി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഷപ്പടക്കം പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭയമാണോയെന്ന് ഹൈകോടതി.
കേസിലെ അന്വേഷണ പുേരാഗതി റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ വിമർശനം. നാലാം പ്രതിയായ കോളജ് ജീവനക്കാരി ഷിജിയുടെ മുൻകൂർ ജാമ്യഹരജി നേരേത്ത പരിഗണിക്കവെ, കോളജ് ചെയർമാനും ഡയറക്ടർമാരുമടക്കം മുഖ്യപ്രതികൾക്കെതിരെ ഒരു അന്വേഷണവും നടത്താതെ അപ്രധാന പ്രതികൾക്ക് പിന്നാലെ പോകുന്നതിനെപ്പറ്റി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ആവർത്തിച്ചത്.
മുഖ്യപ്രതിയായ ബിഷപ് ധർമരാജ് റസാലം അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. അറസ്റ്റ് െചയ്യാൻ ഭയമാണോയെന്നും ചോദിച്ചു.
എന്നാൽ, പ്രതികളെ ചോദ്യംചെയ്ത് വിട്ടയച്ചതായും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങനെയെങ്കിൽ നാലാം പ്രതിയുടെ ജാമ്യഹരജിയെ എതിർത്തതെന്തിന് കോടതി ചോദിച്ചു. പ്രധാന പ്രതികളുടെ കാര്യത്തിലില്ലാത്ത അടിയന്തര സാഹചര്യം മറ്റു പ്രതികളുടെ കാര്യത്തിൽ ഉണ്ടായതെന്തുകൊണ്ടെന്നും ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
എം.ഡി, എം.ബി.ബി.എസ് സീറ്റുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ കാപിറ്റേഷൻ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം നൽകിയില്ലെന്ന സ്വകാര്യ അന്യായത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഹൈകോടതി ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.