കാരക്കോണം തലവരിപ്പണം തട്ടിപ്പുകേസ്; ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി
text_fieldsകൊച്ചി: കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഹൈകോടതി റദ്ദാക്കി. സാമ്പത്തിക ക്രമക്കേടിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടാണ് ജസ്റ്റിസ് കെ. ഹരിപാൽ റദ്ദാക്കിയത്. കേസന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കേസിൽ വിശദ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമറിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഡിവൈ.എസ്.പിക്ക് കോടതി നിർദേശവും നൽകി. കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ കഴിയുന്ന തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആവശ്യമെങ്കിൽ സമയം നീട്ടിനൽകാൻ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എം.ഡി, എം.ബി.ബി.എസ് സീറ്റുകൾ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ കാപിറ്റേഷൻ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം നൽകിയില്ലെന്ന പരാതിയില് കോടതി നിർദേശപ്രകാരം വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് വിദ്യാർഥികൾ നൽകിയ ഹരജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. വിശ്വാസവഞ്ചന, പണം കൈപ്പറ്റി വഞ്ചിക്കൽ, ധന ദുർവിനിയോഗം, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് കോളജ് ചെയർമാനും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ മുൻ സി.പി.ഐ സ്ഥാനാർഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ് എ. ധർമരാജ് റസാലം എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തത്.
അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന് 2020 സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് കുറ്റകൃത്യത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി അന്തിമ റിപ്പോർട്ട് നൽകിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കൃത്യമായ തെളിവുകളുള്ള കേസാണെന്നും റിപ്പോർട്ട് അംഗീകരിച്ചാൽ കേസന്വേഷണം അവസാനിക്കുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ട് റദ്ദാക്കാൻ പരാതിക്കാരനായ ഡി.എൻ. കാൽവിൻ ക്രിസ്റ്റോയാണ് കോടതിയെ സമീപിച്ചത്. നിശ്ചിത സമയപരിധിക്കകം അന്തിമ റിപ്പോർട്ട് നൽകാനുള്ള വ്യഗ്രതയിലാണ് തെളിവില്ലെന്ന രീതിയിൽ റിപ്പോർട്ട് നൽകേണ്ടി വന്നതെന്ന് മനസ്സിലാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ നിലക്ക് റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നാണ് അന്തിമ റിപ്പോർട്ട് റദ്ദാക്കിയത്. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും ആവശ്യമെങ്കിൽ കൂടുതൽ സമയം തേടാനും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.