കാരാകുറിശ്ശി ഇരട്ടക്കൊല: പ്രതികളെ വലയിലാക്കിയത് മീൻ ചൂണ്ട
text_fieldsമണ്ണാർക്കാട്: കാരാക്കുറുശ്ശിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി അത്യപൂർവമായ വിധി പറയുമ്പോൾ പ്രതികളെ സംഭവം നടന്ന് രണ്ടുദിവസത്തിനകം പൊലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ. നിലവിൽ തിരൂർ ഡിവൈ.എസ്.പിയായ കെ.എ. സുരേഷ്ബാബുവാണ് കേസന്വേഷിച്ചത്. കാരാക്കുറുശ്ശി ഷാപ്പുംകുന്ന് കല്യാണി, മകൾ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്.
മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടന്നത്. സാക്ഷികളില്ലാത്ത കേസിൽ സംഭവ സ്ഥലത്തുനിന്ന് ലഭിച്ച മീൻ പിടിക്കാനുപയോഗിക്കുന്ന ചൂണ്ട കണ്ടെത്തിയതാണ് പ്രദേശവാസികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള പൊലീസ് നിഗമനത്തിന് അടിസ്ഥാനം. മാത്രമല്ല, ലീലയുടെ മൃതദേഹം ഒളിപ്പിക്കാൻ പാടത്തെ ചാൽ തിരഞ്ഞെടുത്തതും പ്രദേശവാസികളാണ് കൊലക്ക് പിന്നിലെന്നുള്ളതിന് തെളിവായി. തുടർന്ന് സാധാരണയായി മീൻ പിടിക്കുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ചും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് മാറിനിന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നവരും കൊല്ലപ്പെട്ടവരുടെ വീട്ടിലെ സ്ഥിരം പണിക്കാരുമായിരുന്നു പ്രതികൾ.
12 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിചാരണ നീണ്ടുപോയതിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു.
ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി തീർപ്പുകൽപിക്കാൻ ഹൈകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ബാബുവും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജയനും പറഞ്ഞു.
ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരില്ലെങ്കിലും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട കല്യാണിയുടെ മറ്റു മക്കളായ സുന്ദരൻ, രാജേശ്വരി, ജാനകി, മരുമകൻ ഭാസ്കരൻ എന്നിവർ പറഞ്ഞു. വിധി കേൾക്കാൻ ഇവരും കോടതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.