വഴിയോര കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കരമനയില്‍ വഴിയോര കച്ചവടക്കാരിയായ വയോധിക വില്‍പ്പനക്ക് വെച്ച മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ല ലേബർ ഓഫിസർക്ക് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ബുധനാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. വലിയതുറ സ്വദേശി മേരി പുഷ്പം വിൽപ്പനക്ക് വെച്ച മീനാണ് തട്ടിത്തെറിപ്പിച്ചത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാർ മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്.ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് ഇവർ പറഞ്ഞു.
സംഭവത്തില്‍ കരമന പൊലീസിനെതിരെ മന്ത്രി ആന്‍റണി രാജുവിന് പരാതി നല്‍കിയെന്ന് മേരി പുഷ്പം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട്, കരമന പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കരമന സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിൽ മാടൻ കോവിലിന് എതിർവശത്താണ് സംഭവം. ഫുട്പാത്തിലിരുന്ന് മത്സ്യക്കച്ചവടം നടത്തുന്ന മേരി പുഷ്പവും മറ്റൊരു സ്ത്രീയുമാണ് പൊലീസ് അതിക്രമത്തിന് ഇരയായതായി പരാതിപ്പെട്ടത്.
കരമന എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നവിധമുള്ള കച്ചവടം അനുവദിക്കാനാവില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. തങ്ങളോട് ഇവിടെ നിന്ന് മാറാൻ ആവശ്യപ്പെട്ട ശേഷം പ്രകോപിതരായ പൊലീസ് സംഘം മത്സ്യം വാരിയെറിഞ്ഞു എന്നാണ് പരാതി.
എന്നാൽ, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പരാതി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് പറഞ്ഞത്. റോഡിലെ വളവും ജനങ്ങൾ തിക്കിത്തിരക്കുന്നതും ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുമെന്നതിനാലാണ് ഇവരോട് മാറാൻ ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ വരുമെന്നതു കൊണ്ടാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.