കാരാട്ട് കുറീസ് നിക്ഷേപതട്ടിപ്പ്: രണ്ടാം പ്രതി പിടിയിൽ
text_fieldsപാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാംപ്രതി പിടിയിൽ. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്തിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികളായ മുബഷിർ, സന്തോഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് സ്ഥാപനം മുബഷിർ, സന്തോഷ്, ശ്രീജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനിയിൽ ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ഇവർ തുക തിരികെ നൽകാത്തതിനെത്തുടർന്ന് പാലക്കാട് സൗത്ത് പൊലീസിലുൾപ്പെടെ നൂറോളം പരാതികൾ ലഭിച്ചിരുന്നു.
പരാതിയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികൾ ഒളിവിൽ പോയതോടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി പൊലീസ് രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലും മലപ്പുറം, തൃശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർമാരായ സി. ഐശ്വര്യ, എം. വിജയകുമാർ, വിനോദ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ബിജു, ഹരിപ്രസാദ്, സീനിയർ പൊലീസ് ഓഫിസർമാരായ ശശികുമാർ, അജിത്ത് മൃദുലേഷ് തുടങ്ങിയവർ മൂന്നു സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.