സ്വർണക്കടത്ത്: കാരാട്ട് ഫൈസൽ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്. ഫൈസലിനെ ഉച്ചക്ക് 12.30ഓടെ കൊച്ചിയിലെത്തിച്ചു.
മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞ കെ.ടി. റമീസിൽനിന്നും പിന്നീട് മറ്റൊരു പ്രതി സന്ദീപ് നായരുടെ ഭാര്യയിൽ നിന്നുമാണ് ഫൈസലിെൻറ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. മറ്റ് ചില പ്രതികളുടെ മൊഴികളും ഫൈസലിന് എതിരാണ്. സ്വർണക്കടത്തിൽ പണം നിക്ഷേപിക്കാൻ കഴിയുന്നവരെ കണ്ടെത്തുന്നതിലെ മുഖ്യകണ്ണിയായിരുന്നു റമീസ്.
ഇത് കൂടുതൽ വ്യക്തമാക്കുന്ന മൊഴിയാണ് സന്ദീപ് നായരുടെ ഭാര്യ നൽകിയത്. ഫൈസൽ പലതവണ സന്ദീപിനെ കാണാനെത്തിയെന്നും ഇരുവരും സ്വർണക്കടത്ത് ചർച്ച ചെയ്തതെന്നും ബാഗേജിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ ഫൈസൽ സഹായിച്ചെന്നുമായിരുന്നു മൊഴി.
റെയ്ഡിൽ ഫൈസലിെൻറ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി കൂടിയാണ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറായ കാരാട്ട് ഫൈസൽ.
വ്യാഴാഴ്ച വൈകീട്ടോടെ ഫൈസലിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഏതാനും വിവരങ്ങൾ കൂടി ലഭിച്ചാൽ വെള്ളിയാഴ്ച അറസ്റ്റുണ്ടായേക്കും.
ഫൈസൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാർച്ച് നടത്തി. സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. കെ.കെ. ഖാദർ, വി. അബ്ദു ഹാജി, എ.പി. മജീദ്, എം. നസീബ്, ടി. മൊയ്തീൻ കോയ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.