കൊടുവള്ളി കുലുക്കാൻ വീണ്ടും കാരാട്ട് റസാഖ്; അട്ടിമറി ആവർത്തിക്കാനാവുമെന്ന കണക്കുകൂട്ടലിൽ എൽ.ഡി.എഫ്
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിെൻറ കോട്ടയായ കൊടുവള്ളി പിടിക്കാൻ ഇത്തവണയും എൽ.ഡി.എഫ് കാരാട്ട് റസാഖിനെ തന്നെ ഇറക്കും. 2006ലെയും 2016ലെയും അട്ടിമറി 2021ലും ആവർത്തിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് റസാഖിനെ രംഗത്തിറക്കുന്നത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 6800 വോട്ടിന് ലീഡുണ്ട് മണ്ഡലത്തിൽ യു.ഡി.എഫിന്. ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവന് 36,000 വോട്ടിെൻറ ലീഡാണ് കൊടുവള്ളി മണ്ഡലം നൽകിയത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സി.പി.എം സൂചന തന്നതായി കാരാട്ട് റസാഖ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. വികസനം തന്നെയായിരിക്കും കൊടുവള്ളിയിൽ തെരഞ്ഞെടുപ്പ് വിഷയം.
കിഫ്ബി പദ്ധതിയിൽ മാത്രം 400 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാനായതായി അദ്ദേഹം പറഞ്ഞു. സി.പി.എമ്മിെൻറ കീഴ്ഘടകത്തിെൻറ റിപ്പോർട്ട് കാരാട്ട് റസാഖിന് അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും കളത്തിലിറങ്ങാൻ അവസരമൊരുങ്ങുന്നത്. എളമരം കരീം, പി. മോഹനൻ മാസ്റ്റർ, എം. മെഹബൂബ് എന്നീ നേതാക്കൾക്കാണ് കൊടുവള്ളി മണ്ഡലത്തിെൻറ മേൽനോട്ട ചുമതല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 573 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർഥി മുസ്ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ തോൽപിച്ചത്. മുസ്ലിം ലീഗിൽ നേരത്തേ ഗ്രൂപ്പിസമുള്ള മേഖലയാണ് കൊടുവള്ളി. എം.എ. റസാഖും കാരാട്ട് റസാഖും നേരേത്ത ഒരേ ഗ്രൂപ്പുകാരായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഇരുവരും എതിർസ്ഥാനാർഥികളായ കാഴ്ചയായിരുന്നു കൊടുവള്ളിയിൽ കണ്ടത്.
കഴിഞ്ഞ തവണ വി.എം. ഉമർ മാസ്റ്റർ കൊടുവള്ളിയിൽ മത്സരിക്കുകയാണെങ്കിൽ റെബലായി മത്സരിക്കാനൊരുങ്ങിയതായിരുന്നു കാരാട്ട് റസാഖ്. ഈ ഒരുക്കം സി.പി.എം മനസ്സിലാക്കി റസാഖിനെ കണ്ടുവെക്കുകയായിരുന്നു. അവസാന നിമിഷം എൽ.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥിയായി കാരാട്ട് റസാഖിനെ പ്രഖ്യാപിച്ചത് നേരത്തേയുള്ള ആലോചനകളുടെ ഭാഗമായിരുന്നു.
2006ൽ പി.ടി.എ. റഹീമിനെ ലീഗിൽനിന്ന് അടർത്തി സ്ഥാനാർഥിയാക്കി മത്സരിപ്പിച്ച അതേ തന്ത്രമാണ് 2016ൽ സി.പി.എം പ്രയോഗിച്ചത്. അന്ന് കെ. മുരളീധരനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. അതുവരെ മുസ്ലിം ലീഗിെൻറ ഉരുക്കുകോട്ടയായിരുന്ന കൊടുവള്ളി ആദ്യമായി എൽ.ഡി.എഫ് മറിച്ചിടുകയായിരുന്നു.
ഇത്തവണ കൊടുവള്ളി യു.ഡി.എഫിന് തിരിച്ചുപിടിക്കാൻ എം.കെ. മുനീർ വരുമെന്നാണ് സൂചന. അതേസമയം, മണ്ഡലത്തിൽ നിന്നുതന്നെയുള്ള സ്ഥാനാർഥി വരണമെന്ന ആവശ്യം കൊടുവള്ളിയിലെ മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.