പൊലീസിലും പുഴുക്കുത്തെന്ന് കാരായി രാജൻ: ‘ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്’
text_fieldsകണ്ണൂർ: പൊലീസിലും പുഴുക്കുത്തുണ്ടെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗവും റബ്കോ ചെയർമാനുമായ കാരായി രാജൻ. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ കാരായി രാജനെയും തിരുവനന്തപുരത്തെ ഐ.പി. ബിനുവിനെയും കുടുക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ശ്രമിച്ചെന്ന പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലാണ് കാരായി രാജന്റെ പ്രതികരണം. കാരായി രാജന്റെ കുറിപ്പ് പി.വി. അൻവർ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ആഭ്യന്തരവകുപ്പിൽ ഉറച്ച വിശ്വാസമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ചിത്രം സഹിതമാണ് കാരായിയുടെ കുറിപ്പ് തുടങ്ങുന്നത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. എന്നാൽ, ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും. ഭരണകൂട സംവിധാനങ്ങളിൽ പ്രത്യേകിച്ചും. ഉപ്പ് തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടിവരികയും ചെയ്യുമെന്നാണ് വിശ്വാസം. അതിനുള്ള ശേഷി നയിക്കുന്നവർക്കുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്, അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എന്നതാണ് ഫോൺ ചോർത്തിയവരുടെ ലക്ഷ്യം എന്നാണ് അൻവർ പറഞ്ഞത്. എന്നാൽ, ഇത് ബൂമറാങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അല്ലെങ്കിൽ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ എന്നും അദ്ദേഹം പറഞ്ഞു.
അൻവറിന്റെ കുറിപ്പിന്റെ പൂർണരൂപം:
"മിത്തോ","അഭ്യൂഹമോ" അല്ല..
കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്.ഇന്ന് അതിന്റെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്.എസ് കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ് കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.
കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്, നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ. അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസ്സുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!!നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പോലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്.
അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്.
കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്,അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും,മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും.ഇതായിരുന്നു ഇവരുടെ ലക്ഷ്യം.ഇത് ബൂമറാങ്ങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്.അല്ലെങ്കിൽ,സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.
നീതി കിട്ടിയില്ലെങ്കിൽ
അത് കിട്ടും വരെ പോരാടും.
അതിനിനി ദിവസക്കണക്കൊക്കെ
റെക്കോർഡ് ചെയ്യപ്പെട്ടാലും
അതൊന്നും കാര്യമാക്കുന്നില്ല.
എനിക്ക് വേണ്ടിയല്ല,
നമ്മൾ ഓരോരുത്തവർക്കും
വേണ്ടിയാണ് സഖാക്കളെ
ഈ പോരാട്ടം..
സഖാവ് കാരായിക്ക് ഐക്യദാർഢ്യം..❤️
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.