നമ്മുടെ 'കാരി'ക്കും സ്വന്തംപേരായി
text_fieldsകോട്ടയം: ഇനി നമ്മുടെ കാരിയും സ്വന്തം പേരില്‍ വിളിക്കപ്പെടും. കേരളത്തിലെ നാടന്‍ മത്സ്യമായ കാരിക്ക് ശാസ്ത്രീയനാമം ലഭിച്ചു. ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ് (Heteropneustes fuscus) എന്നാണ് നാമകരണം ചെയ്തത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൗണ്‍, ചോക്ലേറ്റ് നിറങ്ങളില്‍ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ 'ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫോസിലിസ്' എന്ന പേരിലാണ് ഇതുവരെ കേരളത്തിലെ കാരിമീനും അറിയപ്പെട്ടിരുന്നത്.
കോട്ടയം ഗവ. കോളജ് സുവോളജി വിഭാഗം അസോ. ഫസറും ഡിപ്പാര്‍ട്മെന്റ് മേധാവിയും മാവേലിക്കര തടത്തിലാല് സ്വദേശിയുമായ ഡോ. മാത്യൂസ് പ്ലാമൂട്ടില്‍ ആണ് കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരി മത്സ്യത്തെപ്പറ്റി പഠനം നടത്തിയത്. തമിഴ്നാട്ടിലെ കാരിയില്‍നിന്ന് വിഭിന്നമാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ ശാസ്ത്രീയനാമം കൊടുത്തത്. ഇതിനായി പത്തനംതിട്ടയിലെ ഒരു നീര്‍ച്ചാലില്‍നിന്ന് ശേഖരിച്ച കാരിയെയാണ് പഠനങ്ങള്‍ക്ക് വിധേയമാക്കിയത്. നദികളിലും അരുവികളിലും പാടങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ് കാരിമത്സ്യം കണ്ടുവരുന്നത്. അറിയപ്പെടുന്ന അലങ്കാര മത്സ്യവുമാണിത്.
കേരളത്തിലെ 'കറുത്ത കാരി' തമിഴ്നാട്ടിലെ കാരിയുടെ പേരിലാണ് ഇത്രയും നാള് അറിയപ്പെട്ടിരുന്നത്. ഇനി ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ് എന്ന് ഇവയെ മാറ്റിവിളിക്കേണ്ടിവരും. പഠനവിധേയമാക്കിയ കാരിമത്സ്യത്തിന്റെയും ഡി.എന്‍.എ പഠനത്തിന് തെരഞ്ഞെടുത്ത കാരിയുടെയും സാമ്പിളുകള്‍ ഇന്ത്യ മ്യൂസിയത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കറുത്ത കാരിക്ക് നല്കിയ പുതിയ ശാസ്ത്രീയനാമത്തിന് അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജന്‍സിയായ ഐ.സി.സെഡ്.എന്നിന്റെ സൂബാങ്ക് രജിസ്ട്രര്‍ നമ്പറും ലഭിച്ചിട്ടുണ്ട്. കൊല്ലം ചവറ ഗവ. കോളജ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെ നടന്ന മേജര്‍ റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.