പുന്നമടയിൽ രാജാവാകാൻ ‘കാരിച്ചാൽ ചുണ്ടൻ’
text_fieldsആലപ്പുഴ: ഇരട്ടഹാട്രിക് ഉൾപ്പെടെ 15തവണ നെഹ്റുട്രോഫിയിൽ മുത്തമിട്ട ‘കാരിച്ചാൻ ചുണ്ടൻ’ രണ്ടും കൽപിച്ചാണ് ഇക്കുറി പോരിനിറങ്ങുന്നത്. മികച്ച വിജയ ചരിത്രമുള്ള വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് തുഴയെറിയാൻ ഒത്തുചേരുന്നത്. കൈനകരിയിലും പരിസരപ്രദേശങ്ങളിലുമാണ് പരിശീലനം. മണിപ്പൂർ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള പ്രഫഷനൽ തുഴച്ചിലുകാരും ഇക്കുറി മലയാളികൾക്കൊപ്പം ഇറങ്ങുന്നുണ്ട്.
2020ൽ പുതുക്കിപ്പണിത് നീറ്റിലിറക്കിയ കാരിച്ചാൽ ചുണ്ടൻ പിന്നീടുള്ള ജലോത്സവങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറിയ പോരായ്മകൾ കണ്ടെത്തി അറ്റകുറ്റപ്പണി തീർത്താണ് ഇക്കുറി മത്സരത്തിന് ഇറങ്ങുന്നത്. മേയ് 12നാണ് നീറ്റിലിറക്കിയത്. 2016ൽ കുമരകം വേമ്പനാട് ബോട്ട് ക്ലബിെൻറ കരുത്തിലാണ് അവസാനമായി നെഹ്റുട്രോഫി ജേതാക്കളായത്.
അരനൂറ്റാണ്ടിലേറെ ചരിത്രം കാരിച്ചാൽ ചുണ്ടനുണ്ട്. 1970 സെപ്റ്റംബർ ഒമ്പതിനാണ് നീരണിഞ്ഞത്. 1969 നവംബർ 10ന് കാരിച്ചാൽ സെന്റ് മേരീസ് സ്കൂളിൽ ചെംബ്രോൽ കൊട്ടാരത്തിലെ (കാരിച്ചാൽ കരയിലെ ഒരു രാജകുടുംബം) ഹർഷവർമയുടെ അധ്യക്ഷതയിൽ 167 പേർ പങ്കെടുത്ത പൊതുയോഗമാണ് കാരിച്ചാൽ ചുണ്ടന്റെ പിറവിക്ക് തുടക്കമിട്ടത്.
1971 മുതലാണ് നെഹ്റുട്രോഫി മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 1974, 1975, 1976 വർഷങ്ങളിൽ ഹാട്രിക് കീരിടം സ്വന്തമാക്കി. 1974ലും 75ലും ചേന്നങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബാണ് തുഴഞ്ഞതെങ്കിൽ 76ൽ കൈനകരി യു.ബി.സിയുടെ കരുത്തിലായിരുന്നു വിജയം. 1982, 1983, 1984 വർഷങ്ങളിൽ കുമരകം ബോട്ട് ക്ലബിെൻറ തുഴച്ചിലിൽ ഹാട്രിക് നേട്ടം ആവർത്തിച്ചു.
1986, 1987 വർഷങ്ങളിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും 2000, 2001 വർഷങ്ങളിൽ ആലപ്പുഴ ബോട്ട് ക്ലബും ചേന്നങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബും 2008ൽ കൊല്ലം ജീസസ് ബോട്ട് ക്ലബും കാരിച്ചാലിനെ വിജയകീരിടം ചൂടിച്ചു. കോടതിവിധിയെത്തുടർന്ന് 2011ലെ നെഹ്റുട്രോഫിയും കാരിച്ചാലിനൊപ്പം ചേർന്നു. അന്ന് തുഴഞ്ഞത് ഫ്രീഡം ബോട്ട് ക്ലബായിരുന്നു.ഒന്നാംസ്ഥാനംനേടിയ ദേവാസ് ചുണ്ടനെ കലക്ടർ ഉൾപ്പെട്ട സമിതി അയോഗ്യത കൽപിച്ചതോടെയാണിത്.
നെഹ്റു ട്രോഫി: 57 വള്ളങ്ങള്‍ രജിസ്റ്റർ ചെയ്തു
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്നതിന് ഇതുവരെ 57 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 14 ചുണ്ടൻ വള്ളങ്ങളും 43 ചെറുവള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്. വള്ളങ്ങൾക്ക് ചൊവ്വാഴ്ച കൂടി രജിസ്റ്റര്‍ ചെയ്യാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.