കാരിച്ചാൽ ചുണ്ടൻ ജലരാജാവ്; നെഹ്റു ട്രോഫിയിൽ മുത്തമിട്ടത് വീയപുരം ചുണ്ടനെ പിന്തള്ളി -വിഡിയോ
text_fieldsആലപ്പുഴ: പുന്നമടയിൽ ജലചക്രവർത്തി ‘കാരിച്ചാൽ ചുണ്ടൻ’ 70ാമത് നെഹ്റു ട്രോഫി വെള്ളിക്കപ്പിൽ മുത്തമിട്ടു. കാണികളെ ത്രസിപ്പിച്ച ഫൈനലിൽ എതിരാളികളെ 0.5 മൈക്രോസെക്കൻഡുകൾക്ക് പിന്നിലാക്കിയാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ (പി.ബി.സി) തുടർച്ചയായ അഞ്ചാമത്തെയും നെഹ്റു ട്രോഫി ചരിത്രത്തിൽ കാരിച്ചാലിന്റെ 16ാമത്തെ കിരീടവുമാണ്.
ഫൈനലിൽ മത്സരിച്ച നാലുവള്ളങ്ങളും തുടക്കംമുതൽ ഒപ്പത്തിനൊപ്പമായിരുന്നു. അവസാന ലാപ്പിൽ ഫോട്ടോഫിനിഷിൽ അലനും എയ്ഡൻ കോശിയും ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ (4.29.785) മിനിറ്റിലാണ് ഒന്നാമത്തെിയത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ (4.29.790) വി.ബി.സി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതെത്തി. കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.30.13) മൂന്നാംസ്ഥാനവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4.30.56) നാലാംസ്ഥാനവും നേടി. ഫൈനലിലെ നാലുവള്ളങ്ങളും ഒരുസെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.
2016നുശേഷം കിരീടത്തിൽ മുത്തമിട്ട കാരിച്ചാൽ ചുണ്ടൻ ഹീറ്റിസിൽ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ മികച്ച സമയംകുറിച്ചാണ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്. 2017ൽ പായിപ്പാടൻ വള്ളം ഹീറ്റ്സിൽ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്.
1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വർഷങ്ങളിലാണ് നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് 2018ൽ പായിപ്പാട് ചുണ്ടനിൽ വിജയകിരീടം നേടിയാണ് ജൈത്രയാത്ര തുടങ്ങിയത്. 2019ൽ നടുഭാഗം ചുണ്ടനിലും 2022ൽ മഹാദേവികാട് കാട്ടിൽതെക്കേതിലും ഒന്നാമതെത്തിയതോടെ ഹാട്രിക് നേടി. കഴിഞ്ഞ വർഷം വീയപുരം ചുണ്ടനിലൂടെയായിരുന്നു പി.ബി.സിയുടെ വിജയം.
അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. മൂന്നാം ഹീറ്റ്സിൽ മത്സരിച്ച നിരണം, വീയപുരം, നടുഭാഗം ചുണ്ടനുകളും അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച കാരിച്ചാലും മികച്ച സമയംകുറിച്ചാണ് ഫൈനലിൽ യോഗ്യത നേടിയത്. ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.