ഉരുള്‍പൊട്ടല്‍: അവസാന മൃതദേഹവും കിട്ടി; മരണം 14
text_fieldsകോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹം കിട്ടി. കരിഞ്ചോല ഉമ്മിണി അബ്ദുറഹ്മാെൻറ ഭാര്യ നഫീസയുടെ (55) മൃതദേഹമാണ് അഞ്ചു പകൽ നീണ്ട തിരച്ചിലിനുശേഷം തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കെണ്ടത്തിയത്. ഇതോടെ വ്യാഴാഴ്ച പുലർച്ചയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ ആറുപേർ കുട്ടികളാണ്. 6.20ഒാടെ പുറത്തെടുത്ത നഫീസയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം വെട്ടിഒഴിഞ്ഞതോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ബന്ധുക്കളും സന്നദ്ധസംഘടന നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ച് അബ്ദുറഹ്മാെൻറ വീട് നിന്നിരുന്ന സ്ഥലത്തെ പാറപൊട്ടിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് നഫീസയുടെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നെത്തിച്ച ലാന്‍ഡ് സ്കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയതും ഈ പ്രദേശത്തായിരുന്നു. നഫീസയുടെ ഭര്‍ത്താവ് വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹ്മാൻ, മകന് ജാഫര്‍, ജാഫറിെൻറ മകന് മുഹമ്മദ് ജാസിം എന്നിവരുടെ മൃതദേഹം നേരത്തേ ലഭിച്ചിരുന്നു.
കരിഞ്ചോല ഹസൻ, ഭാര്യ ആസ്യ, മക്കളായ ജന്നത്ത്, നുസ്റത്ത്, നുസ്റത്തിെൻറ മക്കളായ റിൻഷ, റിസ്വ, ഹസെൻറ മകൻ റാഫിയുടെ ഭാര്യ ഷംന, മകൾ നിയ ഫാത്തിമ, കരിഞ്ചോല സലീമിെൻറ മക്കളായ ദിൽന, മുഹമ്മദ് ഷഹബാസ് എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ച മറ്റുള്ളവർ. മരിച്ച 14ാമത്തെ ആളുടെയും മൃതദേഹം കിട്ടിയതോടെ അഞ്ചു പകൽ നീണ്ട തിരച്ചിൽ അവസാനിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര് വീതമുള്ള രണ്ടു യൂനിറ്റുകൾ, 280 പേരുള്ള ഫയര്‍ ഫോഴ്സ് സംഘം,10 സന്നദ്ധ സംഘടനകളിലെ 200ലേറെ പ്രവര്‍ത്തകർ, നൂറോളം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തിയത്. ഏഴു മണ്ണു മാന്തി യന്ത്രങ്ങളും പാറപൊട്ടിക്കുന്നതിനുള്ള രണ്ടു യന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ഞായറാഴ്ച ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചും പരിശോധന നടത്തി. ബാലുശ്ശേരിയിലെ ഡോഗ് സ്ക്വാഡും തിരച്ചിലിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.