കരിഞ്ചോലയിലെ കരിദിനങ്ങള്‍
text_fieldsആദ്യകാല കുടിയേറ്റമേഖലയാണ് കോഴിക്കോട് താമരശ്ശേരിക്ക് സമീപമുള്ള കട്ടിപ്പാറ പഞ്ചായത്ത്. കട്ടിപ്പാറയിലെ മലനിരകള്‍ നിറഞ്ഞ കരിഞ്ചോലയിലേക്കും കുറേപേര്‍ കുടിയേറി. മണ്ണില്‍ പൊന്നുവിളയിക്കാനല്ലായിരുന്നു ഈ കുടിയേറ്റം. മറിച്ച്, ഇത്തിരി മണ്ണില്‍ ഒരു കൂരകെട്ടി താമസിക്കാനായിരുന്നു കൂലിപ്പണിക്കാരായ ഇവരെത്തിയത്. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പൂനുര് റബര്‍ എസ്റ്റേറ്റിലെ ജോലിയായിരുന്നു ജീവിതമാര്‍ഗങ്ങളില്‍ മുഖ്യം. കഴിഞ്ഞ നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കമ്പനിയുടേതായിരുന്ന എസ്റ്റേറ്റ് സ്വാതന്ത്ര്യത്തിനു ശേഷം ലാൻറ്ബോര്ഡ് ഏറ്റെടുത്തപ്പോള്‍ എ.വി.ടി കമ്പനി ലേലത്തില്‍ വാങ്ങുകയായിരുന്നു. വിശാലമായ ഈ തോട്ടത്തിലെ തൊഴിലാളികളായി നിരവധി പേര് പലഭാഗത്തുനിന്നും എത്തി. തൊഴിലാളികളെ താമസിപ്പിക്കാന്‍ തോട്ടം വെട്ടി ഒഴിപ്പിച്ചതോടെ പ്രദേശത്തിന് വെട്ടിഒഴിഞ്ഞതോട്ടം എന്ന് പേര് വന്നു. ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള ചുരുക്കപ്പേരായ ‘വി.ഒ.ടി’ എന്നും കാലാന്തരത്തില്‍ നാടിെൻറ നാമമായി.
വെട്ടിഒഴിഞ്ഞതോട്ടം അങ്ങാടിയില്‍നിന്ന് ഒന്നര കിലോമീറ്ററോളം യാത്ര ചെയ്താല്‍ ഉയര്‍ന്ന പ്രദേശമായ കരിഞ്ചോലയിലെത്താം. പണ്ട് നടന്നു തളര്‍ന്നിരുന്ന കരിഞ്ചോലക്കാര്‍ക്ക് മികച്ച റോഡ് സൗകര്യമുണ്ട്. താമരശ്ശേരിക്കടുത്തുള്ള പൂനൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ കോളിക്കല്‍ വരെ മാത്രമേ മുമ്പ് റോഡുണ്ടായിരുന്നുള്ളൂ.
ആദ്യം ഇവിടേക്ക് കുടിയേറിയ പട്ടിണിപ്പാവങ്ങളുടെ മക്കള്‍ ഗള്‍ഫില്‍ പോയും മറ്റും അധ്വാനിച്ച് കാശുണ്ടാക്കി കരിഞ്ചോലയിലെ താമസം മാറ്റിയിരുന്നു. 35ഓളം കുടുംബങ്ങള്‍ ഇങ്ങനെ പോയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ പേടിച്ചല്ല; മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ഒഴിഞ്ഞുപോക്ക്.
ആ ദുരന്ത നിമിഷങ്ങള്‍
ലളിതമെങ്കിലും സുന്ദരമായിരുന്ന കരിഞ്ചോലയുടെ ജീവിതത്തിലേക്കാണ് അശനിപാതമായി മലയിളകിയെത്തിയത്. പുലര്‍ച്ച 5.45നുള്ള ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പലര്‍ക്കും ശരീരം വിറക്കും. കരിഞ്ചോല ഈര്‍ച്ച അബ്ദുറഹ്മാനും കുടുംബത്തിനും വീടും മുഴുവന്‍ സമ്പാദ്യങ്ങളും നഷ്ടമായെങ്കിലും വിലപ്പെട്ട നാല് ജീവനുകള്‍ തിരിച്ചുകിട്ടി. അടുത്ത വീട്ടുകാരാണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് ഈ വയോധികനെയും വീട്ടുകാരെയും വിവരമറിയിച്ചത്. അബ്ദുറഹ്മാന് പുറമേ ഭാര്യ ഖദീജ, മകള്‍ സഫിയ, സഫിയയുടെ മകന് മുഹമ്മദ് റാഷിദ് എന്നിവരണ് മരണമുഖത്ത് നിന്ന് കരകയറിയത്. ഇറങ്ങിവരാന്‍ അയല്‍വാസി അലമുറയിട്ടപ്പോള്‍ ജീവന് ൈകയില്പിടിച്ച് വീട്ടില്‍ നിന്നിറങ്ങി.
റാഷിദിെൻറ കൈയിലുണ്ടായിരുന്ന ഒരു ടോര്‍ച്ച് മാത്രമാണ് വീട്ടില്‍ നിന്നെടുത്തത്. അയല്‍വീട്ടിലേക്ക് മാറിയ ഉടന്‍ തന്നെ കരിഞ്ചോലമലയിലെ പാറക്കല്ലുകളും മണ്ണും മലവെള്ളവും വീടിനെ നിലംപരിശാക്കി. ഈര്‍ച്ച അബ്ദുറഹ്മാെൻറ റേഷന്‍കാര്‍ഡും ആധാരവുമടക്കം മുഴുവന്‍ രേഖകളും മറ്റും വീടിെനാപ്പം മണ്ണില്‍ പുതഞ്ഞു. പണവും ചെറിയ പെരുന്നാളിനുള്ള പുതുവസ്ത്രങ്ങളുമെല്ലാം വീട്ടിലുണ്ടായിരുന്നു. വെട്ടിഒഴിഞ്ഞ തോട്ടം ജി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പെരുന്നാള്‍ ദിനത്തില്‍ നൂറുകണക്കിന് പേരാണ് ഇവരെ കാണാനും ആശ്വസിപ്പിക്കാനുമെത്തിയത്. തങ്ങളുടെ ജീവന് ഭദ്രമായെങ്കിലും അയല്‍വാസികള്‍ കൂട്ടത്തോടെ മരണത്തിന് കീഴടങ്ങിയതിെൻറ സങ്കടക്കടലും ഇവരുടെ ഉള്ളില്‍ ഇരമ്പുകയാണ്.
അബ്ദുറഹ്മാെൻറ വീടിന് താഴെയുള്ള തൊടുപൊയില്‍ അബൂബക്കറും ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ടയുടന്‍ വീട്ടില്‍ നിന്ന് മാറിയിരുന്നു. വലിയൊരു പാറക്കല്ല് വഴിയില്‍ തങ്ങിനിന്നില്ലായിരുന്നെങ്കില്‍ ഇദ്ദേഹത്തിെൻറ വീടും തകരുമായിരുന്നു. രണ്ട് കുട്ടികള്‍ മരിച്ച സലീമിെൻറ വീടിെൻറ തൊട്ടടുത്ത വീടായിരുന്നു സുരേഷിേൻറത്. ഭാര്യ മിനിയും മക്കളായ അരുണും അനുജയും അടങ്ങുന്ന വീടിനും നാശമുണ്ടായില്ല. സമീപെത്ത ഹംസയെയും മറിയത്തിനെയും അയല്‍വാസിയായ ഷാഫി ശബ്ദം കേട്ട് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. -
കരിഞ്ചോലമലയെ നോവിച്ചോ?
കരിഞ്ചോലമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമായതായി സമീപവാസികള്‍ ആദ്യദിനം തന്നെ ആരോപിച്ചിരുന്നു. ക്വാറി മാഫിയ കയറിപ്പറ്റാത്ത അപൂര്‍വം മലകളിലൊന്നാണ് കരിഞ്ചോല. ഏക്കര്‍ കണക്കിന് പാറകളുണ്ടെങ്കിലും ഒരുതരത്തിലും പൊട്ടിക്കാന്‍ കഴിയില്ല. എന്നാല്‍, പറമ്പുകളില്‍ മട്ടിമണല്‍ എന്ന വ്യാജമണല്‍ നിര്‍മാണം പലയിടത്തുമുണ്ടായിരുന്നു. മട്ടിക്കല്ല് എന്ന ഉറപ്പുകുറഞ്ഞ കല്ല് പൊടിച്ച് മണലിന് വ്യാജനായും അല്ലാെതയും ഉപയോഗിക്കുന്നതാണ് മട്ടിമണല്‍. എം സാന്‍ഡ് വ്യാപകമായതോടെ മട്ടിമണലിന് ആവശ്യക്കാര്‍ കുറഞ്ഞു. ദുരന്തസ്ഥലത്തുനിന്ന് അല്പം മാറി മട്ടിമണല്‍ ‘നിര്‍മാണയൂനിറ്റ്’ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇവര്‍ അനധികൃത ഖനനം നിര്‍ത്തി. പ്രകൃതിയെ തുരന്നുതീര്‍ക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനു നേരെ അധികൃതര്‍ കണ്ണടക്കുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദുറഹ്മാെൻറ വീടിന് സമീപത്തു കൂടി മലയുടെ മുകളിലേക്ക് റോഡ് നിര്‍മിച്ചത് അടുത്തിടെയാണ്. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു കുത്തനെയുള്ള പ്രദേശത്തെ റോഡ് നിര്‍മാണം. തേങ്ങയും മറ്റ് കാര്ഷികോൽപന്നങ്ങളും താഴേക്ക് എത്തിക്കാനാണെന്നായിരുന്നു മലപ്പുറം സ്വദേശികളായ സ്ഥലമുടമകള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍, മലയുടെ മുകളില്‍ 30 സെൻറ് സ്ഥലം യന്ത്രവണ്ടികളുപയോഗിച്ച് ഇടിച്ചു നിരത്തിയതായും ദുരന്തത്തിനിടയാക്കിയത് ഇതാണെന്നും രക്ഷപ്പെട്ട തൊടുപൊയില്‍ അബൂബക്കര്‍ പറയുന്നു.
ആട് ഫാമിെൻറ ആവശ്യത്തിനായി ജലസംഭരണി നിര്‍മിക്കുന്നെന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. അങ്ങിങ്ങായി എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ നിര്‍മാണം നിര്‍ത്തുകയായിരുന്നുവത്രെ. എന്നാല്‍, ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണെന്ന് പഞ്ചായത്ത് അംഗം കെ.വി. അബ്ദുല്‍ അസീസ് പറഞ്ഞു.
വമ്പന്‍ ജലസംഭരണിക്കുള്ള വെള്ളം മലമുകളിലില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തരം നര്മാണപ്രവര്ത്തനങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.