കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ: റിപ്പോർട്ടിന് എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരം
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിശദ പഠന റിപ്പോർട്ടിന് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിെൻറ അംഗീകാരം. അന്തിമ അനുമതിക്കായി റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. നവംബർ 23ന് കരിപ്പൂരിൽ ചേർന്ന അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ വിമാന കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗതീരുമാന പ്രകാരം തയാറാക്കിയ 71 പേജുള്ള റിപ്പോർട്ടിനാണ് ഒടുവിൽ അതോറിറ്റി അംഗീകാരം നൽകിയത്.
300 മുതൽ 400 പേർക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, എ 330-300, എ 330-200, ബി 787 ഡ്രീം ൈലനർ തുടങ്ങിയ വിമാനങ്ങളുടെ സർവിസിന് കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്ന് അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന തടസ്സമാണ് നീങ്ങിയത്. കരിപ്പൂരിൽനിന്ന് സമർപ്പിച്ച റിപ്പോർട്ട് വിശദമായ പഠനത്തിനും സംശയ നിവാരണത്തിനും ശേഷമാണ് അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡി.ജി.സി.എക്ക് കൈമാറിയത്. റിപ്പോർട്ടിന് ഡി.ജി.സി.എ ഡയറക്ടറുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
2015 മേയ് ഒന്ന് മുതലാണ് റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത വേനൽക്കാല ഷെഡ്യൂൾ നിലവിൽ വരുന്ന മാർച്ച് 25നകം അനുമതി ലഭ്യമാക്കാൻ ശ്രമം നടക്കുന്നുണ്ട്. കരിപ്പൂരിൽനിന്ന് സർവിസ് നിർത്തിയ എമിറേറ്റ്സും സൗദി എയർലൈൻസും സർവിസ് പുനരാരംഭിക്കുന്നതിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. സർവിസുകൾ പുനരാരംഭിക്കാനായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കാനുള്ള പ്രവൃത്തിയും കരിപ്പൂരിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.