കരിപ്പൂർ വിമാനദുരന്തം: ഇനിയും വീടണയാനാവാതെ രണ്ട് യാത്രികർ
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനദുരന്തം കഴിഞ്ഞ ഒന്നരമാസം പിന്നിടുേമ്പാഴും വീടണയാനാവാതെ വയനാട് സ്വദേശി നൗഫലും കടലുണ്ടി സ്വദേശി റഷീദിെൻറ ഭാര്യ സാജിനയും. നൗഫൽ (36) മിംസ് ആശുപത്രിയിലും സാജിന (32) കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലുമാണ്.
സാജിനയുടെ ഇടതുകാൽ കഴിഞ്ഞ ദിവസം മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന ഇവർക്ക് രണ്ട് മക്കളുണ്ട്. ഭർത്താവും മക്കളുമൊന്നിച്ച് നാട്ടിലേക്ക് മടങ്ങുേമ്പാഴാണ് ദുരന്തത്തിൽപെട്ടത്. മക്കൾക്കും സാരമായ പരിക്കേറ്റിരുന്നു.
നൗഫലിന് ശരീരമാസകലം പരിക്കുള്ളതിനാൽ 12ഒാളം ശസ്ത്രക്രിയകൾ വേണ്ടിവന്നുവെന്ന് സഹോദരൻ റഹീം പറഞ്ഞു. ഇനിയും കാലുകൾക്ക് രണ്ട് ശസ്ത്രക്രിയ വേണം. പ്ലാസ്റ്റിക് സർജറി കഴിഞ്ഞതിനാൽ പത്ത് ദിവസമായി കമിഴ്ന്നാണ് കിടക്കുന്നത്. ഒരുമാസം കഴിഞ്ഞേ വീടണയാനാവൂ. ഷാർജയിൽ സെയിൽസ്മാനായിരുന്നു.
കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുേമ്പാഴാണ് ദുരന്തത്തിൽപെട്ടത്. ഇവരൊഴികെ ദുരന്തത്തിൽ പരിക്കേറ്റ എല്ലാവരും ആശുപത്രി വിട്ടു. ദുരന്തത്തിൽ മരിച്ച കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കാട്ടിൽ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകൾ ഫാത്തിമ ഇസ്സയും ഞായറാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്.
ഒന്നരമാസമായി മിംസ് ആശുപത്രിയിലായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ് 11 ശസ്ത്രക്രിയകൾ വേണ്ടി വന്നു അമീന ഷെറിന്. മകൾ ഫാത്തിമ ഇസ്സയെ ഒരാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും അവൾ ഉമ്മയോടൊപ്പം ആശുപത്രിയിൽതന്നെ കഴിയുകയായിരുന്നു.
കോഴിക്കോട് മിംസ്, മെയ്ത്ര, ബേബി ആശുപത്രികളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് പലരും വീട്ടിലേക്ക് മടങ്ങിയത്.
ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട്് 21 പേരാണ് മരിച്ചത്. 149ഒാളം പേർക്ക് പരിക്കേറ്റു. ഇതിൽ ആറോളം പേർക്ക് നെട്ടല്ലിനാണ് പരിക്ക്. അനങ്ങാനാവാതെ വീട്ടിൽ കഴിയുകയാണിവർ. വെല്ലൂരിൽ വിദഗ്ധ ചികിത്സ തേടാനൊരുങ്ങുകയാണ് ഇതിൽ ചിലർ.
മരിച്ചവർക്കും പരിക്കേറ്റവർക്കും എയർ ഇന്ത്യ നഷ്ടപരിഹാരയിനത്തിൽ അഡ്വാൻസ് വിഹിതം നൽകിയിട്ടുണ്ട്. മരിച്ചവർക്ക് പത്ത് ലക്ഷവും സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസ്സാരപരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് ലഭിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച നഷ്ടപരിഹാരം എപ്പോൾ കിട്ടുമെന്ന് വ്യക്തമല്ല. ചികിത്സ ചെലവ് ഉൾപ്പെടെ എല്ലാം എയർ ഇന്ത്യയാണ് നൽകുന്നതെന്നാണ് വിമാനക്കമ്പനി അധികൃതർ അറിയിച്ചത്.
ദുരന്തശേഷം വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് പരാതിക്കിടയില്ലാത്ത വിധം സഹായം ലഭിച്ചതായി അപകടത്തിൽപെട്ടവർ 'മാധ്യമ'ത്തോടുപറഞ്ഞു. സഹായവുമായി സന്നദ്ധസംഘടനയായ എം.ഡി.എഫും കൂടെയുണ്ടെന്ന് പരിക്കേറ്റവർ പറഞ്ഞു.
മരിച്ച 18 പേരുടെ കുടുംബങ്ങൾക്ക് 1.6 കോടി രൂപയും സാരമായി പരിക്കേറ്റ 92 പേർക്ക് 1.84 കോടി രൂപയും നിസ്സാര പരിക്കേറ്റ 73 പേർക്ക് 36.5 ലക്ഷം രൂപയും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ്പുരി ലോക്സഭയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.