കരിപ്പൂർ വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ ഓഫിസ് തുടർന്നേക്കും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ഒാഫിസ് തുടർന്നേക്കും. തസ്തികകളുടെ എണ്ണം കുറക്കുകയും ആവശ്യമായ സമയത്ത് കൂടുതൽ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ചെയ്യും. ഒാഫിസ് അടച്ചുപൂട്ടാൻ റവന്യൂ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ബിജു മേയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു.
ഡെപ്യൂട്ടി കലക്ടറടക്കം 12 ഉദ്യോഗസ്ഥ തസ്തികയുള്ള ഒാഫിസ് പ്രവർത്തനം മേയ് 31ന് അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിെൻറ മറ്റ് ഒാഫിസുകളിലേക്ക് മാറ്റി നിയമിക്കാനായിരുന്നു നിർദേശം. എം.പിമാരായ എം.കെ. രാഘവൻ, എം.പി. അബ്ദുസമദ് സമദാനി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ വിഷയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
റവന്യൂ മന്ത്രിക്ക് വിഷയത്തിൽ കത്തും നൽകി. ഇതോടെ മന്ത്രി കെ. രാജൻ ബന്ധപ്പെട്ട ഫയൽ തിരിച്ചുവിളിപ്പിച്ചു. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് അറിയുന്നത്. ഒാഫിസ് നിലനിർത്താനാണ് സാധ്യത. പുതിയ ടെർമിനലിനായി 137 ഏക്കറും കാർ പാർക്കിങ്ങിനായി 15.25 ഏക്കറും ഏറ്റെടുക്കാനാണ് നിലവിൽ ഉത്തരവുള്ളത്.
തുടർനടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. ഭൂമി ഏറ്റെടുക്കാനുള്ള സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇത് നടന്നില്ല. അതിനിടെ, എം.കെ. രാഘവെൻറ നേതൃത്വത്തിൽ വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയാറാക്കി വിമാനത്താവള അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.