കരിപ്പൂർ: റൺവേ നീളം കുറക്കൽ നീക്കം വലിയ വിമാനത്തിന് അനുമതി ലഭിക്കാനിരിക്കെ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നീക്കം വലിയ വിമാന സർവിസിന് അനുമതി ലഭിക്കാനിരിക്കെ.
വിമാനാപകടത്തിെൻറ പേരിൽ നിർത്തലാക്കിയ സർവിസ് പുനരാരംഭിക്കാനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയതിനിടയിലാണ് പുതിയ നീക്കം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതോടെ, സർവിസുകൾ പുനരാരംഭിക്കുന്നത് അനന്തമായി നീളുകയാണ്. സ്വകാര്യ ലോബികളുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
ഡിസംബർ ആദ്യവാരം എം.കെ. രാഘവൻ എം.പി ഡി.ജി.സി.എ ഡയറക്ടർ അരുൺ കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർവിസ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു.
മലബാർ ഡവലപ്മെൻറ് ഫോറം പ്രതിനിധികൾ കേന്ദ്ര വ്യോമയാനമന്ത്രിയെ സന്ദർശിച്ചപ്പോഴും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. പാർലമെൻറ് സമ്മേളനം അവസാനിച്ച ശേഷം അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടയിലാണ് സർവിസ് പുനരാരംഭിക്കാൻ റെസ റൺവേയുടെ രണ്ട് ഭാഗത്തും 240 മീറ്റർ ചതുപ്പ് നിലമാക്കണമെന്ന നിർദേശം വന്നത്.
ഇത് നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടികളും ആരംഭിച്ചതായാണ് അറിയുന്നത്. ഇതോടെ 2860 മീറ്റർ നീളമുള്ള റൺവേ 2560 മീറ്ററായി ചുരുങ്ങും. നീളം കുറയുന്നതോടെ നിലവിൽ സർവിസ് നടത്തിയ വലിയ വിമാനക്കമ്പനികൾ വീണ്ടും വരുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. റൺവേ നീളം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി നേരത്തെ ഡി.ജി.സി.എ ടേക്ക്ഓഫ് ഭാരത്തിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയാണ് അനുമതി നൽകിയത്.
300 മീറ്റർ വീണ്ടും കുറയുമ്പോൾ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഈ റൺവേയിൽ ഏതുതരം വിമാനങ്ങൾ സർവിസ് നടത്താനാകുമെന്നത് സംബന്ധിച്ച് വിമാനക്കമ്പനികളുടെ നിലപാടും പ്രധാനമാകും. അനുമതി അനന്തമായി നീളുന്ന സാഹചര്യത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിലെ ഓഫിസ് ഡിസംബർ 31ഓടെ അടക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.