മുഖച്ഛായ മാറ്റുന്ന വികസനത്തിനൊരുങ്ങി കരിപ്പൂർ
text_fieldsകൊണ്ടോട്ടി: കണ്ണൂരിൽ സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങി കരിപ്പൂർ. വിമാനത്താവളത്തിെൻറ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് കരിപ്പൂരിൽ നടക്കുന്നത്. റൺവേയിലും െടർമിനലിലും മുൻവശത്തുമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ ജൂണിന് മുമ്പ് പൂർത്തിയാകുമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു. പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ, ഇടത്തരം, വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനായി റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം വർധിപ്പിക്കൽ, പഴയ ടെർമിനൽ നവീകരണം, മുൻവശം മോടികൂട്ടൽ, റൺവേക്ക് ചുറ്റും മുള്ളുവേലി കെട്ടൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്.
85 കോടി രൂപ ചെലവിലാണ് 17,000 ചതുരശ്ര അടിയിൽ പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ ഒരുങ്ങുന്നത്. മാർച്ച് അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് അതോറിറ്റിയുടെ ശ്രമം. ഇതോടെ നിലവിലെ അന്താരാഷ്ട്ര ടെർമിനൽ യാത്രക്കാർക്ക് പുറപ്പെടാൻ വേണ്ടി മാത്രമാക്കും. ഇതിെൻറ ഭാഗമായി പുതിയ കൗണ്ടറുകൾ ഏർപ്പെടുത്തുകയും ടെർമിനൽ നവീകരിക്കുകയും ചെയ്യും.
റൺവേ നവീകരണത്തിെൻറ പേരിൽ നിർത്തിയ സർവിസുകൾ പുനരാരംഭിക്കാനായി റിസയുടെ നീളം 240 മീറ്ററായി വർധിപ്പിക്കുന്നതിെൻറ പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും. ജൂൺ വരെ കാലാവധി ഉണ്ടെങ്കിലും മേയ് പകുതിയോടെ പ്രവൃത്തി പൂർത്തിയാക്കും. കഴിഞ്ഞ ജൂൺ അവസാനത്തോടെ നിർത്തലാക്കിയ സർവിസുകൾ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡി.ജി.സി.എയിൽ നിന്ന് അനുമതി ലഭിച്ചാൽ പ്രവൃത്തി പൂർത്തിയായ ഉടൻ സർവിസുകൾ പുനരാരംഭിച്ചേക്കും. സൗദി എയർലൈൻസ്, എമിറേറ്റ്സ് എന്നീ വിമാന കമ്പനികൾ സർവിസ് ആരംഭിക്കുന്നതിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്.
വിമാനത്താവളത്തിെൻറ മുൻവശത്തെ ടൈലുകൾ മാറ്റി രണ്ട് കോടിയിലധികം രൂപ ചെലവിട്ട് ഗ്രാനൈറ്റ് പതിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. മുൻവശത്ത് പുതിയ മേൽക്കൂരയും സ്ഥാപിക്കുന്നുണ്ട്. പുതിയ അന്താരാഷ്ട്ര ടെർമിനൽ യാഥാർഥ്യമാകുന്നതോടെ കാർ പാർക്കിങ്ങിലുണ്ടാകുന്ന സ്ഥലപരിമിതി പരിഹരിക്കാനുള്ള വഴികളും അതോറിറ്റി തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.