ദീപക് സാഠെ, മേഘങ്ങളെ പ്രണയിച്ചവന്
text_fieldsകോഴിക്കോട്: രാത്രി ഹോട്ടല്‍ മുറിയില്‍ താമസിക്കുമ്പോഴും പിറ്റേന്ന് വിമാനം പറത്തുന്നതിനെക്കുറിച്ചായിരുന്നു വിങ് കമാന്‍ഡര്‍ ദീപക് ബസന്ത് സാഠെ എന്ന പരിചയ സമ്പന്നനായ പൈലറ്റിെൻറ ചിന്തയും വര്‍ത്തമാനങ്ങളും. വിമാനം പറത്താന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടാകാറായെങ്കിലും ആവേശവും വൈദഗ്ധ്യവും ഒരിക്കലും ഈ മുംബൈ സ്വദേശിക്ക് കൈമോശം വന്നിരുന്നില്ലെന്ന് സുഹൃത്തുക്കള്‍. സ്വയം ജീവനര്‍പ്പിച്ച ദീപകിെൻറ വൈദഗ്ധ്യമാണ് വിമാനം കത്തിയമരാതെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ചതെന്നാണ് വിദഗ്ധാഭിപ്രായം. ലാന്‍ഡിങ് സമയത്തെ വിശദവിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ പുറത്തുവരൂ. പ്രതികൂല സാഹചര്യങ്ങളില്‍ പലതവണ സുരക്ഷിതമായി വിമാനം നിലത്തിറക്കിയ അനുഭവവും ഈ 59കാരനുണ്ട്.
വ്യോമസേനയുടെ മിഗ് യുദ്ധവിമാനങ്ങള്‍ പറത്തി പരിചയമുണ്ടായിരുന്ന ദീപക് സാഠെ 21 വര്‍ഷത്തെ വ്യോമസേന ജോലി അവസാനിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. വന്ദേഭാരത് മിഷെൻറ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നിന്ന് രാജ്യത്തേക്ക് നിരവധി പേരെ കൊണ്ടുവരുന്നതില്‍ ഏറെ അഭിമാനവും സന്തോഷവും ദീപക് സാഠെക്കുണ്ടായിരുന്നതായി സുഹൃത്തും ബന്ധുവുമായ നിലേഷ് സാഠെ പറഞ്ഞു. ഒരാഴ്ച മുമ്പാണ് നിലേഷ് അവസാനമായി ദീപക്കുമായി ഫോണില്‍ സംസാരിച്ചത്.
1981ല്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് 'സോഡ് ഓഫ് ഓണര്‍' ബഹുമതിയോടെ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ വിമാനം പറത്താന്‍ തുടങ്ങി. ഖഡാവാസ്ലയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും സൈനിക പഠനവും പരിശീലനവും നടത്തി. റഷ്യന്‍ നിര്‍മിത മിഗ് യുദ്ധവിമാനങ്ങള്‍ പലവട്ടം പറത്തി. '90കളുടെ ആദ്യം വലിയൊരു അപകടത്തില്‍ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നു. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ ദീപക് ആറുമാസം ചികിത്സയിലായിരുന്നു. വീണ്ടും പൈലറ്റാകാന്‍ കഴിയില്ലെന്ന് പലരും കരുതി. എന്നാല്‍, വിമാനമെന്ന വലിയ ലോഹപക്ഷിയെയും മേഘങ്ങളെയും സ്നേഹിച്ച ഇദ്ദേഹം വീണ്ടും വ്യോമസേന വിമാനങ്ങളിലെ കോക്പിറ്റില്‍ സ്ഥാനമുറപ്പിച്ചു. 21 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ല്‍ സേന വിട്ടു. 2005ല്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നു. എയര്‍ബസ് 310 ആയിരുന്നു ആദ്യകാലങ്ങളില്‍ പറത്തിയത്. പിന്നീട് ബോയിങ് 737െൻറ പൈലറ്റായി എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് മാറി. ബംഗളൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിലെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന ദീപക്കിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പിതാവ് വസന്ത് സാഠെ കരസേനയില്‍ ബ്രിഗേഡിയറായിരുന്നു. സഹോദരനും കരസേന ഉദ്യോഗസ്ഥനായിരുന്നു.
കരിപ്പൂരിലെ ടേബ്ൾ ടോപ് റൺവേയിലെ ലാൻഡിങ് അൽപം പ്രയാസമുള്ളതാണെന്ന് സുഹൃത്തും മാതൃഭൂമി ദിനപത്രം ചീഫ് പബ്ലിക് റിലേഷൻസ് മാനേജറുമായ കെ.ആർ. പ്രമോദിനോട് ദീപക് സാഠെ ഒരിക്കൽ പറഞ്ഞിരുന്നു. ഒരു യാത്രക്കിടെയാണ് സഹയാത്രികനായിരുന്ന ദീപക്കിനെ പ്രമോദ് പരിചയപ്പെട്ടത്. വിമാനാപകടവിവരമറിഞ്ഞപ്പോൾ പ്രമോദ് ആദ്യം വിളിച്ചതും ദീപക്കിനെയായിരുന്നു. എന്നാൽ, മറുഭാഗത്ത് മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.