കരിപ്പൂർ വിമാന ദുരന്തം: നഷ്ടപരിഹാര തുക അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കരിപ്പൂർ വിമാന ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾ നഷ്ട പരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകിയാലുടൻ പരിഗണിച്ച് നൽകാനുദ്ദേശിക്കുന്ന തുക എത്രയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സർക്കാറിനോടും വിമാന കമ്പനിയോടും ഹൈകോടതി ആവശ്യപ്പെട്ടു. വിമാന അപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ട് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മോൺട്രിയൽ കൺവെൻഷൻ പ്രകാരം 1,13,100 എസ്.ഡി.ആർ (സ്പെഷൽ ഡ്രോയിങ് റൈറ്റ്) വരെ നഷ്ട പരിഹാരം നൽകുന്നത് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ നിർബന്ധിത ബാധ്യതയാണെന്ന് ഹരജിയിൽ പറയുന്നു. അർഹത തെളിയിക്കാനായാൽ ഇതിലും ഉയർന്ന നഷ്ട പരിഹാരത്തിന് അവകാശമുന്നയിച്ച് സിവിൽ കോടതിയടക്കം ഫോറങ്ങളെ സമീപിക്കാം.
എന്നാൽ, ഹരജിക്കാർക്ക് അന്തർദേശീയ സ്റ്റാൻേഡർഡ് പ്രകാരമുള്ള കുറഞ്ഞ തുക പോലും അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. അതേസമയം, ഇതുവരെ ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടില്ലെന്ന് എതിർ കക്ഷികളായ കേന്ദ്ര സർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോം ഉടൻ നൽകുമെന്ന് ഹരജിക്കാർ അറിയിച്ചതിനെ തുടർന്നാണ് എത്രയുംവേഗം അപേക്ഷ നൽകാനും ഇത് പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചത്. ഹരജി വീണ്ടും ഈമാസം 27ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.