കരിപ്പൂരിൽ വിമാന സർവിസ് പുനരാരംഭിച്ചു
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളിൽ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേരാണ് വീട്ടിലേക്ക് മടങ്ങി. അപകടത്തെ തുടർന്ന് കരിപ്പൂരിൽ സർവ്വീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്.
അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്ന് എ.ടി.സി പ്രാഥമിക റിപോർടിൽ പറഞ്ഞിരുന്നു. സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്. ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗത കൂടിയെന്നും റിപോർടിൽ പറയുന്നു. റൺവേയുടെ മധ്യഭാഗത്താണ് വിമാനം ലാൻഡ് ചെയ്തത്. വിമാനം ലാൻഡ് ചെയ്ത ഉടനെ പൈലറ്റ് എൻജിൻ ഓഫ് ചെയ്തതും വിപരീത ഫലമുണ്ടാക്കി. ഇത് ടെയ്ൽ വിൻഡ് പ്രതിഭാസമുണ്ടാക്കിയെന്നും റിപോർടിൽ പറയുന്നു.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിങ് നടത്തിയ പൂർണ വേഗതയിലായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) വ്യക്തമാക്കിയിരുന്നു. അപകട കാരണം കണ്ടെത്താനായി ഡി.ജി.സി.എ നിയോഗിച്ച സംഘം കരിപ്പൂരിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുമെന്നും അതിന് ശേഷമേ വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂയെന്നുമാണ് ഡി.ജി.സി.എ അറിയിച്ചിട്ടുള്ളത്. അപകട സ്ഥലം സന്ദര്‍ശിക്കുന്ന ഡി.ജി.സി.എ സംഘം ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.