കരിപ്പൂർ എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍ പുനര്‍നിര്‍മാണം: അനിശ്ചിതത്വം തുടരുന്നു
text_fieldsകൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തിന്റെ ടവര്‍ (എ.സി.ടി) പുതുക്കിപ്പണിയുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ ടവര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള അതോറിറ്റി വിദഗ്ധസംഘം കഴിഞ്ഞദിവസം കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ഏറെയുള്ള വിഷയത്തില്‍ ഡല്‍ഹിയില്‍നിന്ന് എത്തിയ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികൾ. നിലവില്‍ വിമാന പാര്‍ക്കിങ് ബേയോട് ചേര്‍ന്നാണ് ടവറുള്ളത്.
18 മീറ്ററാണ് ഉയരം. നിലവിലെ എ.ടി.സി ടവര്‍ പൊളിച്ചുനീക്കി വിമാന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം കണ്ടെത്തുകയും കാലപ്പഴക്കമുള്ള കെട്ടിടത്തിന് പകരം ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കുകയുമാണ് ലക്ഷ്യമിടുന്നത്. റണ്‍വേയില്‍നിന്ന് 140 മീറ്റര്‍ അകലം വിട്ട് കെട്ടിട ഉയരത്തിന്റെ ഏഴിരട്ടി ദൂരം കൂടി പാലിച്ചാകണം എ.ടി.സി ടവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ചട്ടം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ടവര്‍ ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കെട്ടിടമുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് വിദഗ്ധസംഘം പരിശോധിച്ചത്. വയര്‍ലെസ് കെട്ടിടമുള്ള സ്ഥലത്തിനാണ് കരിപ്പൂരിലെ ഉദ്യോഗസ്ഥര്‍ പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍, ഈ സ്ഥലം എ.ടി.സി ടവറിന് പൂര്‍ണമായി അനുയോജ്യമല്ല.
ഇവിടെ ടവര്‍ നിര്‍മിക്കുകയാണെങ്കില്‍ ഏപ്രണ്‍ കാണാനും റഡാര്‍ സിഗ്നലുകളില്‍ വ്യക്തത ലഭിക്കാനും കഴിയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. റണ്‍വേയും ഐസലേഷന്‍ ബേയും പാര്‍ക്കിങ് ബേയുമെല്ലാം കാണുന്ന വിധത്തിലാണ് എ.ടി.സി ടവര്‍ വേണ്ടത്. ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്തലാണ് പ്രധാന വെല്ലുവിളി. എ.ടി.സി കെട്ടിടത്തിനൊപ്പം പ്രൈമറി റഡാര്‍ നിര്‍മിക്കാനുള്ള പദ്ധതിയുമുണ്ട്. എന്നാൽ, അനുയോജ്യ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നൂറുകോടി രൂപയോളം വരുന്ന പദ്ധതി അനിശ്ചിതത്വത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.