കരിപ്പൂരിെൻറ ആകാശത്ത് പഴയ പ്രതാപം ചിറക് വിടർത്തുന്നു
text_fieldsകരിപ്പൂർ: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽനിന്ന് വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചതിൽ പ്രവാസി സമൂഹം ആഹ്ലാദത്തിൽ.
ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നതിന് സൗദി എയർലൈൻസിനാണ് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. സെപ്റ്റംബർ അവസാനത്തോടെ സർവിസുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. സൗദിയക്ക് അനുമതി ലഭിച്ചതോടെ എയർ ഇന്ത്യയും ജിദ്ദ സെക്ടറിൽ സർവിസ് ആരംഭിക്കും.
റൺവേ നവീകരണത്തിനും ബലപ്പെടുത്തുന്നതിനുമായി 2015 മേയ് ഒന്ന് മുതലാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മലബാറിൽനിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്ന ജിദ്ദ, റിയാദ്, ദുബൈ സെക്ടറിലാണ് ഒറ്റയടിക്ക് വലിയ വിമാനങ്ങളുടെ സർവിസുകൾ നിലച്ചത്. ദുബൈയിലേക്ക് ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് ആരംഭിച്ചെങ്കിലും ജിദ്ദ, റിയാദ് സെക്ടറിൽ ഒരു വിമാനം പോലുമുണ്ടായിരുന്നില്ല.
പിന്നീട് 2016 ഡിസംബർ മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്ക് ആരംഭിച്ചെങ്കിലും ചെറിയ വിമാനമായതിനാൽ ആവശ്യത്തിന് സീറ്റുകൾ ലഭ്യമായിരുന്നില്ല. സർക്കാറിെൻറ ഒൗദ്യോഗിക കണക്ക് പ്രകാരം 11.7 ലക്ഷത്തോളം പേർ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ വർഷത്തിൽ ഒരു തവണ വരുന്നവരും ഒന്നിലധികം യാത്ര ചെയ്യുന്നവരുമുണ്ട്. ഇവർ കഴിഞ്ഞ മൂന്ന് വർഷവും നെടുമ്പാശ്ശേരിയെയാണ് ആശ്രയിച്ചത്. കൊച്ചിയിൽ വിമാനം ഇറങ്ങിയതിന് ശേഷം അഞ്ച് മണിക്കൂറോളം കൂടുതൽ യാത്ര ചെയ്താണ് പ്രവാസികൾ വീട്ടിലെത്തിയിരുന്നത്. ഗൾഫിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ചത്. സർവിസുകൾ പുനരാരംഭിക്കുന്നതോടെ ദുരിതങ്ങൾക്കെല്ലാം പരിഹാരമാകും.
വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം വ്യാപകമായി പ്രവാസി സമൂഹം ഉയർത്തിയിരുന്നെങ്കിലും പലപ്പോഴും അധികൃതർ വിലങ്ങുതടിയായതോടെ സർവിസുകൾ അനന്തമായി നീണ്ടു. എയർ ഇന്ത്യ 2002 മുതലും സൗദി എയർലൈൻസ് 2009 മുതലുമാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിച്ചത്. ഇവ 2015 മുതൽ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബറിൽ സർവിസ് പുനരാരംഭിക്കും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നതിന് സൗദി എയർലൈൻസിന് അനുമതി ലഭിച്ച സാഹചര്യത്തിൽ സെപ്റ്റംബറിൽ സർവിസ് പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷ.
അനുമതിപത്രം ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സൗദിയ അധികൃതർ പ്രതികരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകണമെങ്കിൽ 45 ദിവസം എടുക്കും. സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഷെഡ്യൂൾ തയാറാക്കണമെന്നും അവർ അറിയിച്ചു. ഡി.ജി.സി.എയിൽ നിന്നാണ് ഷെഡ്യൂളിന് അനുമതി ലഭിക്കേണ്ടത്.
കൂടാതെ, സൗദിയിലെ അതോറിറ്റിയിൽനിന്ന് അനുമതി ലഭിക്കണം. തുടർന്ന് അതോറിറ്റി ആസ്ഥാനത്തുനിന്ന് കോഴിക്കോട് വിമാനത്താവള ഡയറക്ടർക്ക് കത്ത് നൽകി ഇവിടത്തെ സമയക്രമത്തിന് അനുസരിച്ച് സ്ലോട്ട് അനുവദിക്കും. നേരത്തേ പകൽ സമയത്തായിരുന്നു സൗദി സർവിസ്. ആരംഭിക്കാനിരിക്കുന്ന സർവിസുകളും പകലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.