കരിപ്പൂർ വികസനം: വിദഗ്ധ സമിതി യോഗം ചേർന്നു
text_fieldsകരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ രൂപവത്കരിച്ച വിദഗ്ധ സമിതി രണ്ടാം ഘട്ട അവലോകന യോഗം ചേർന്നു. കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ നിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് പഠന റിപ്പോർട്ടിന്റെ അന്തിമ റിപ്പോർട്ട് മേയ് രണ്ടിന് ചേർന്ന വിദഗ്ധ സമിതിയുടെ പ്രാഥമിക യോഗം പരിഗണിച്ചിരുന്നു.
ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി എന്നിവർ സമിതിക്ക് കൈമാറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. യോഗശേഷം നെടിയിരുപ്പ് വില്ലേജിൽപെട്ട പ്രദേശം അംഗങ്ങൾ സന്ദർശിച്ചു. വിദഗ്ധ സമിതി ചെയർമാൻ ഡോ. എം. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ എം. ബാലകൃഷ്ണക്കുറുപ്പ്, കെ. നാരായണൻകുട്ടി , ജെ. ബിജു, ഡോ.ആർ. സാജൻ, പളളിക്കൽ പഞ്ചായത്ത് അംഗം ജമാൽ കരിപ്പൂർ, കൊണ്ടോട്ടി നഗരസഭ കൗൺസിലർ സി. മിനിമോൾ എന്നിവർ പങ്കെടുത്തു. കൊണ്ടോട്ടി നഗരസഭാധ്യക്ഷ ഫാത്തിമത്ത് സുഹ്റാബി, കൗൺസിലർ കെ.പി. ഫിറോസ് തുടങ്ങിയവരുമായി സമിതി ആശയവിനിമയം നടത്തി. വിശദ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.