കരിപ്പൂർ: വീണ്ടും വിദഗ്ധസംഘമെത്തുന്നത് നടപടി വൈകിക്കുമെന്ന് ആക്ഷേപം
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര വർഷത്തിനിടെ മൂന്നാം തവണയും വിദഗ്ധ സംഘമെത്തുന്നത് ഇടത്തരം-വലിയ വിമാനങ്ങളുെട സർവിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകിപ്പിക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം രണ്ടുതവണ കേന്ദ്രസംഘം വന്നതിെൻറ അടിസ്ഥാനത്തിലാണ് റൺവേ നവീകരണം പൂർത്തിയായ ശേഷം സർവിസുകൾ പുനരാരംഭിക്കുന്നതിന് നടപടി ആരംഭിച്ചത്.
ഇതിനിടെയാണ് വിമാനത്താവള വികസനം സംബന്ധിച്ച പരിശോധനകൾക്കായി വിമാനത്താവള അതോറിറ്റി ചെയർമാൻ വീണ്ടുമെത്തുന്നത്. വികസനം സംബന്ധിച്ച പരിശോധനകൾക്കായാണ് വരുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയിൽ അറിയിച്ചത്.
റൺവേയുടെ നീളം വർധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾക്കായി 485.3 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ, അതോറിറ്റിയുെട പരിഗണനയിൽ ഭൂമിയേറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നും നിലവിലില്ല. വീണ്ടും വിദഗ്ധ സംഘം കരിപ്പൂരിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം എടുക്കും.
നേരത്തെ ജനുവരി ഒമ്പത്, പത്ത് തീയതികളിലും ഏപ്രിൽ 24നും വ്യോമയാന മന്ത്രാലയത്തിെൻറ വിദഗ്ധ സംഘം കരിപ്പൂരിലെത്തിയിരുന്നു. മുഖ്യമന്ത്രി വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലായിരുന്നു രണ്ടാം സംഘമെത്തിയത്. തുടർന്നാണ് ബി 777-200 വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് ഡി.ജി.സി.എ അറിയിച്ചതും കരിപ്പൂരിൽനിന്ന് അതോറിറ്റി വിശദമായ പഠനറിപ്പോർട്ട് സമർപ്പിച്ചതും. റിപ്പോർട്ട് പ്രകാരം കോഡ് ഇ-യിലുള്ള ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, ബി 777-300, ബി 777-300 ഇ.ആർ, ബി 787-800, എ 330-300 എന്നിവക്ക് കരിപ്പൂരിൽനിന്ന് സർവിസ് നടത്താമെന്നായിരുന്നു നിർദേശം.
പുതിയ ടെർമിനൽ ആഗസ്റ്റിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 120 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ ആഗസ്റ്റ് ആദ്യവാരം മുതൽ ട്രയൽ പ്രവർത്തനം തുടങ്ങും. ജൂലൈ 31നകം നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ഡൽഹിയിൽ വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 15നോ സെപ്റ്റംബർ ആദ്യത്തിലോ ഉദ്ഘാടനം നടത്താനാണ് ആലോചന. ഉദ്ഘാടനം നിശ്ചയിക്കാൻ വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
17,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്. നിലവിലെ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയടക്കം പൂർത്തിയായിട്ടുണ്ട്. വിവിധ ഏജൻസികളുടെ അവസാന ഘട്ടപ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വിശാലമായ കസ്റ്റംസ് ഹാൾ, കൂടുതൽ എക്സ്റേ മെഷീൻ, കൺവെയർ ബെൽറ്റ് എന്നിവയടക്കം പുതിയ ടെർമിനലിലുണ്ടാകും. ലിഫ്റ്റ്, എയ്റോബ്രിഡ്ജ്, എസ്കലേറ്റർ, ഇൻലൈൻ എക്സ്റേ തുടങ്ങിയവയും സ്ഥാപിക്കും. നിലവിലെ ടെർമിനലിൽ 916 യാത്രക്കാരെയാണ് ഒരേസമയം ഉൾക്കൊള്ളുക. പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരേസമയം 1527 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. യോഗത്തിൽ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരും നിർമാണ ചുമതലയുള്ള കമ്പനി പ്രതിനിധികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.