കരിപ്പൂരിൽ സ്വപ്നങ്ങൾ ചിറക് വിരിച്ചിട്ട് 30 വർഷം
text_fieldsകൊണ്ടോട്ടി: മലബാറിെൻറ ആകാശസ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് കരിപ്പൂരിൽ ആദ്യവിമാനം പറന്നിറങ്ങിയിട്ട് 30 വർഷം. 1988 ഏപ്രിൽ 13ന് വിഷുത്തലേന്നാണ് വിമാനത്താവളത്തിെൻറ ഉദ്ഘാടനം അന്നത്തെ വ്യോമയാനമന്ത്രി മോത്തിലാൽ വോറ നിർവഹിച്ചത്. മലബാറിന് സ്വന്തമായി വിമാനത്താവളമെന്ന മുദ്രാവാക്യവുമായി കെ.പി. കേശവ മേനോെൻറ നേതൃത്വത്തിൽ 1978ൽ നടന്ന വാഹനജാഥയോടെയാണ് ഇൗ ആവശ്യം ഉയരുന്നത്. അന്നത്തെ കേന്ദ്ര വ്യോമയാനമന്ത്രി പുരുേഷാത്തമ ലാൽകൗഷിക് പദ്ധതിക്ക് അനുമതി നൽകി. പദ്ധതി നീണ്ടതോടെ പ്രതിഷേധമുയർന്നു.
തുടർന്ന് 1982ൽ വ്യോമയാനമന്ത്രി എ.പി. ശർമ തറക്കല്ലിട്ടു. ആറ് വർഷങ്ങൾക്ക് ശേഷം മാർച്ച് 23നാണ് സൂപ്പർടെക്സോ എന്ന ഫയർ വിഭാഗത്തിെൻറ വിമാനം പരീക്ഷണപ്പറക്കലിനായി കരിപ്പൂരിലിറങ്ങുന്നത്. തുടർന്ന് ഏപ്രിൽ 13ന് മുംബൈയിൽനിന്ന് പറന്നുയർന്ന് ഇന്ത്യൻ എയർലൈൻസിെൻറ ആദ്യ യാത്രാവിമാനം കരിപ്പൂരിലെത്തിയപ്പോൾ ഗൾഫ് മലയാളിയുടെ സ്വപ്നവും ആകാശത്തോളമുയർന്നു. മുംബൈയിലേക്കുള്ള ഇടത്താവളമായി നിർമിച്ച കരിപ്പൂരിൽനിന്ന് 1992ലാണ് ആദ്യ അന്താരാഷ്ട്ര സർവിസ് ഷാർജയിലേക്ക് ആരംഭിക്കുന്നത്. റൺവേ വികസനം 1996ൽ പൂർത്തീകരിച്ച ശേഷം ജിദ്ദ, ഹജ്ജ് സർവിസുകൾ തുടങ്ങി. 2003 ഒക്ടോബറിൽ രാത്രിസർവിസായി.
2006 ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തി. ആദ്യപറക്കലിന് മൂന്ന് പതിറ്റാണ്ട് പിന്നിടുേമ്പാൾ വിമാനത്താവളം ആശങ്കയുടെ റൺവേയിലാണ്. 2015ൽ നവീകരണത്തിെൻറ പേരിൽ റൺവേ അടച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. എയർ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയർലൈൻസ് കമ്പനികളുടെ ആഴ്ചയിലുണ്ടായിരുന്ന 52 അന്താരാഷ്ട്ര സർവിസുകളാണ് ഒറ്റയടിക്ക് നിലച്ചത്.
2002 മുതൽ ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്കും പറിച്ചുനട്ടു. എന്നാൽ, നവീകരണം പൂർത്തിയാക്കി 2017 മാർച്ച് ഒന്നിന് വിമാനത്താവളം മുഴുവൻ സമയ പ്രവർത്തനം ആരംഭിച്ചിട്ടും നിർത്തലാക്കിയ സർവിസുകൾക്ക് അനുമതി ലഭിച്ചിട്ടില്ല. ജെ.ടി. രാധാകൃഷ്ണ ഡയറക്ടറായി ചുമതലയേറ്റ ശേഷം സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയെങ്കിലും കേന്ദ്രം കനിഞ്ഞിട്ടില്ല. വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ നഷ്ടത്തിലായ കരിപ്പൂർ ലാഭത്തിലേക്ക് തിരിച്ചുവന്നത് പ്രതിസന്ധികൾക്കിടയിലും എടുത്തുപറയേണ്ട നേട്ടമാണ്.
രണ്ട് കോടിയോളം രൂപ നഷ്ടത്തിലായ കരിപ്പൂരിൽ ഏറ്റവുമൊടുവിൽ അവസാനിച്ച സാമ്പത്തിക വർഷം 92 കോടിയാണ് ലാഭം. പുതിയ ടെർമിനൽ ജൂൺ-ജൂലൈ മാസത്തോടെ യാഥാർഥ്യമാകുന്നതോടെ ടെർമിനലിലെ തിരക്ക് കുറക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.