കരിപ്പൂർ വിമാനത്താവളം: എം.പിമാർ എയർ ഇന്ത്യ മേധാവിയുമായി ചർച്ച നടത്തി
text_fieldsന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ കേരള എം.പിമാർ എയർ ഇന്ത്യ സി.എം.ഡി പ്രദീപ് സിങ് കരോളയുമായി ചർച്ച നടത്തി. കരിപ്പൂരിൽ എയർ ഇന്ത്യ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ സുരക്ഷ മൂല്യനിർണയവും സാധ്യതപഠനവും നടത്തുക, ജിദ്ദ, മദീന, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, പി.വി. അബ്്ദുൽ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരാണ് എയർ ഇന്ത്യ മേധാവിയെ കണ്ടത്.
നേരത്തേ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സിവിൽ ഏവിയേഷൻ വകുപ്പും നടത്തിയ സംയുക്ത പ്രാഥമിക പഠനത്തിൽ ബി 777-200, ബി 777-300 ഇ.ആർ, ബി 787-800 ഡ്രീംലൈനർ, എ 330-300 വിമാനങ്ങൾക്ക് അനുമതി നൽകുന്നതിൽ സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എമിറേറ്റ്സ്, സൗദി തുടങ്ങിയ എയർലൈൻസുകൾ അവരുടെ സാങ്കേതിക വിദഗ്ധരുടെ പഠനങ്ങൾ പ്രകാരം കരിപ്പൂരിൽ കോഡ്-ഇ സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ചതാണ്.
ഹജ്ജ് യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ 85 ശതമാനം തീർഥാടകരും കോഴിക്കോട്ടും സമീപ ജില്ലകളിലുമാണ്. ജിദ്ദയിലേക്ക് നേരിട്ട് വിമാനങ്ങളില്ലാത്തതിനാൽ ഇവർ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ജിദ്ദ, മദീന, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ട് വലിയ വിമാനങ്ങളുടെ സർവിസുകൾ തുടങ്ങുക, ദിവസേന കോഴിക്കോട്-ബംഗളൂരു-ഡൽഹി, കോഴിക്കോട്-ചെന്നൈ-ഡൽഹി എന്ന രീതിയിൽ സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ എം.പിമാർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.