കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം:നഷ്ടപരിഹാരത്തിന് ഭൂവുടമകളുടെ കാത്തിരിപ്പ്
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ മേഖലയായ ‘റെസ’ വികസിപ്പിക്കാൻ സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം പൂര്‍ത്തിയായില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ഭൂമി ഏറ്റെടുത്ത് നല്‍കുന്നതുവരെ സര്‍ക്കാറിനുണ്ടായിരുന്ന ആവേശം തണുത്തപ്പോള്‍ നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പിലാണ് 10 ഭൂവുടമകള്‍.
ഇവര്‍ക്ക് നല്‍കേണ്ട 9.88 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനവകുപ്പിന്റെ അനുമതി നീളുകയാണ്. പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍നിന്നായി 12.48 ഏക്കറാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയത്. രണ്ട് വില്ലേജുകളില്‍നിന്നായി 76 ഭൂവുടമകളില്‍നിന്നാണ് സ്ഥലം ഏറ്റെടുത്തത്. ഇതിലുള്‍പ്പെട്ട 10 കൈവശക്കാര്‍ക്ക് ആദ്യഘട്ട ഭൂരേഖ സമര്‍പ്പണ വേളയില്‍ അനന്തരാവകാശ രേഖ ഹാജരാക്കാനായിരുന്നില്ല. പിന്നീട് രേഖകള്‍ സമര്‍പ്പിച്ചിട്ടും ഇവര്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിലാണ് തീരുമാനം വൈകുന്നത്.
പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലെ അഞ്ചുവീതം ഭൂവുടമകളാണ് അര്‍ഹമായ തുക ലഭിക്കാതെ പ്രയാസത്തിലായത്. ഇതില്‍ എട്ട് കൈവശക്കാര്‍ ഭൂമിയും വീടും നഷ്ടമായവരും രണ്ട് കൈവശക്കാര്‍ ഭൂമി മാത്രം നഷ്ടമായവരുമാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സ്ഥലത്തിന്റേയും കാര്‍ഷികവിളകളുടേയും മറ്റും നഷ്ടപരിഹാരമാണ് ഇനി ലഭിക്കാനുള്ളത്.
അനന്തരാവകാശ രേഖകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം നല്കാൻ, ജനുവരി 24ന് വിമാനത്താവള ഭൂമിയേറ്റെടുക്കല്‍ വിഭാഗം ബില്ലുകളും ബന്ധപ്പെട്ട രേഖകളും ട്രഷറിയില്‍ സമര്‍പ്പിച്ചിരുന്നു. ഏഴ് ഭൂവുടമകളെ ഉള്‍പ്പെടുത്തി 6.55 കോടി രൂപയുടേയും മൂന്ന് ഭൂവുടമകള്‍ക്കായി 3.33 കോടി രൂപയുടേയും രണ്ട് ബില്ലുകളാണ് റവന്യൂ വിഭാഗം നല്‍കിയത്. ഇതിന് ധനവകുപ്പിന്റെ അനുമതി വൈകുന്നതിനാലാണ് തുക ലഭിക്കാത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഭൂരേഖകളെല്ലാം പൂര്‍ണമായി സമര്‍പ്പിച്ചവര്‍ക്ക് 2023 നവംബറോടെ നഷ്ടപരിഹാര തുക അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. രേഖകള്‍ അധികൃതര്‍ നീട്ടി നല്കിയ സമയപരിധിക്കുള്ളില്‍ നല്‍കിയിട്ടും പ്രഖ്യാപിച്ച തുക ലഭിക്കാത്തതില്‍ വീടുകളും ഭൂമിയും നഷ്ടമായവര്‍ പ്രതിഷേധത്തിലാണ്. നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീട് കണ്ടെത്താനാകാത്ത ഗതികേടിലാണെന്ന് ഭൂവുടമകള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.