കരിപ്പൂർ: ചരക്കുനീക്കത്തിൽ ഇരട്ടിയിലധികം വർധന
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ചരക്കുനീക്കത്തിൽ ഇരട്ടിയിലധികം വർധന. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിലെ ചരക്കുനീക്കത്തിലാണ് വൻ പുരോഗതി വന്നിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര, ആഭ്യന്തര കാർഗോയിൽ 107.1 ശതമാനം വർധനവാണുള്ളത്.
നിശ്ചിത കാലയളവിൽ 7291 ടൺ ചരക്കുനീക്കമാണ് കരി പ്പൂരിൽ നടന്നിരിക്കുന്നത്. ഇതിന് മുമ്പ് 2012-13ലാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ചരക്കുനീക്കം 7000 ടണ്ണിന് മുകളിെലത്തിയത്. അന്ന് 7621 ടണ്ണാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയർലൈൻസ് എന്നീ കമ്പനികളുടെയും വലിയ വിമാനങ്ങളുടെ നിരവധി സർവിസുകളുമുള്ള സമയത്തായിരുന്നു ഇത്രയും ഉയർന്ന വർധനവുണ്ടായിരുന്നത്. അതേസമയം, നിലവിൽ സൗദിയയുടെ വലിയ വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കരിപ്പൂരിൽ 3521 ടൺ ചരക്കുകൾ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വർഷത്തേതിൽ 6970 ടൺ അന്താരാഷ്്ട്രവും 321 ടൺ ആഭ്യന്തരവുമാണ്. അന്താരാഷ്ട്ര കാർഗോയിൽ 106.1 ശതമാനവും ആഭ്യന്തരത്തിൽ 130.9 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 3382 (30.8 ശതമാനം കുറവ്), 139 (62.9 ശതമാനം കുറവ്) ടണ്ണുമായിരുന്നു. നിപയെ തുടർന്ന് സൗദിയിലേക്ക് കയറ്റുമതിക്കുണ്ടായ നിയന്ത്രണം പിൻവലിച്ചതും കൂടുതൽ സർവിസുകൾ ആരംഭിച്ചതുമാണ് കയറ്റുമതി വർധിക്കാൻ സഹായകരമായത്.
ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിലും വർധന വന്നിട്ടുണ്ട്. 15.3 ശതമാനമാണ് വർധന. തിരുവനന്തപുരത്ത് 14.9 ശതമാനം കുറവും കൊച്ചിയിൽ 1.2 ശതമാനം മാത്രം വർധനവുള്ളപ്പോഴാണ് കരിപ്പൂരിൽ 15.3 ശതമാനം കൂടിയിരിക്കുന്നത്. 7,35,371 പേരാണ് ഏപ്രിൽ മുതൽ ജൂൺ വരെ കരിപ്പൂർ വഴി യാത്ര ചെയ്തിരിക്കുന്നത്. ഇതിൽ 8,76,711 അന്താരാഷ്ട്ര യാത്രക്കാരും 1,41,340 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.