കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച: ഗുണ്ടനേതാവ് പിടിയില്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായി. സൗത്ത് കൊടുവള്ളി മദ്റസ ബസാര്‍ സ്വദേശി പിലാത്തോട്ടത്തില്‍ റഫീഖ് എന്ന തൊരപ്പന് റഫീഖാണ് (40) അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ചുള്ള കുഴല്‍പണ -സ്വര്‍ണക്കടത്ത് -ലഹരി മാഫിയയുടെ തലവന്മാരിലൊരാളുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് ഭയന്നോടിയ റഫീഖിനെ സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നോയെന്നും പരിശോധിച്ചു വരുകയാണ്.
ഒളിവില്‍ കഴിയുമ്പോഴും കുഴല്‍പണ ഇടപാടുകള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്കുവാഹനങ്ങളില്‍ ലഹരി എത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ മുഖ്യപ്രതിയായ സൂഫിയാെൻറ സഹോദരന് ജസീറിെൻറ വാഹനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ഇവരുടെ വാഹനമാണ് കരിപ്പൂര്‍ റോഡില്‍ അര്ജുന് ആയങ്കിയുടെ കാർ തടഞ്ഞ് സോഡാകുപ്പിയെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അന്വേഷണ സംഘത്തിനെതിരെ വധഭീഷണി മുഴക്കിയ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റഫീഖെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ ബിസിനസ് പാര്‍ട്ണറായ പെരുച്ചാഴി ആപ്പുവാണ് അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ മറ്റൊരു പ്രതി. അടിവാരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതിന് താമരശ്ശേരി സ്റ്റേഷനിലും മൂന്നരക്കോടിയുടെ കുഴല്‍പണ കേസിൽ ബത്തേരി സ്റ്റേഷനിലും മറ്റു സംഭവങ്ങളില്‍ കൊടുവള്ളി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.