കരിപ്പൂരിലെ സി.ബി.ഐ റെയ്ഡ്: സൂപ്രണ്ട് ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സ്വർണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സസ്പെൻഡ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ വിശദമായി ചോദ്യംചെയ്യും. ഇതിനായി കൊച്ചിയിലെ ഒാഫീസിൽ ഹാജരാകാൻ ഉദ്യോഗസ്ഥരോട് സി.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിൽ സി.ബി.ഐ സംഘം നടത്തിയ പരിശോധനയിൽ 1.2 കോടിക്ക് തുല്യമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊച്ചി സി.ബി.ഐ യൂനിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണക്കിൽപെടാത്ത പണവും സ്വർണവും വിദേശനിർമിത സിഗരറ്റുകളും പിടികൂടിയത്. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിന്റെ (ഡി.ആർ.ഐ) സഹായത്തോടെയായിരുന്നു നടപടി.
ഷാർജയിൽ നിന്നുള്ള എയർഅറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റുകളും പിടിച്ചത്. കസ്റ്റംസ് ഏരിയയിൽ നിന്നാണ് പണം കണ്ടെത്തിയത്. രണ്ടര ലക്ഷത്തോളം രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്.
ബുധനാഴ്ച കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും സി.ബി.െഎ പരിശോധന നടത്തി. ഇവിടെ നടത്തിയ പരിശോധനയിലും കണക്കിൽപെടാത്ത പണം കണ്ടെടുത്തതായാണ് വിവരം. കർണാടക ഭട്കൽ സ്വദേശികളായ 22 യാത്രക്കാരിൽ നിന്നാണ് 35 ലക്ഷത്തിന്റെ സിഗരറ്റുകൾ കണ്ടെടുത്ത്. 43 ലക്ഷത്തിന്റെ 856 ഗ്രാം സ്വർണവും പിടിച്ചു. പരിശോധനയുടെ വിശദറിപ്പോർട്ട് വ്യാഴാഴ്ച സി.ബി.െഎ തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.