വിമാനത്താവളത്തിലും ആശുപത്രികളിലും ആശങ്കയുടെ നിമിഷങ്ങൾ
text_fieldsകൊണ്ടോട്ടി: അപകടമുണ്ടായ കരിപ്പൂർ വിമാനത്താവളത്തിലും പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും യുദ്ധസമാന രംഗങ്ങളാണ് അരങ്ങേറിയത്. രക്ഷാപ്രവർത്തകരുടെയും ഉറ്റവർ അപകടത്തിൽപ്പെട്ടോയെന്ന് അന്വേഷിക്കാനെത്തിയവരുടെയും തിരക്കായിരുന്നു രണ്ടിടത്തും. നല്ല മഴ പെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെടുന്നത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികളാണ് ആദ്യമെത്തിയത്. ആദ്യം വാർത്ത പരന്നത് കാർഗോ വിമാനം അപകടത്തിൽപ്പെട്ടു എന്നാണ്. പിന്നീടാണ് യാത്രാവിമാനമാണെന്ന് അറിഞ്ഞതും കൂടുതൽ േപർ രക്ഷാപ്രവർത്തനത്തിന് എത്തിയതും.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളായ മേഴ്സി ഹോസ്പിറ്റൽ, റിലീഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ആദ്യമെത്തിച്ചത്. ഇരു ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു. കാഷ്വാലിറ്റിയും സമീപ വാർഡുകളും നിറഞ്ഞതിനെ തുടർന്ന് പരിക്കേറ്റവരെ തറയിൽ വരെ കിടത്തേണ്ടി വന്നു. ഇതോടെ സമീപത്തെ മറ്റു ആശുപത്രികളിലേക്കും പരിക്കേറ്റവരെ എത്തിച്ചു.
ഇവിടങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നൽകി ഗുരുതര പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി തുടങ്ങിയ ആശുപത്രികളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനായി ആംബുലൻസുകൾ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും സ്വകാര്യ ആശുപത്രികളിലേയും വിവിധ സന്നദ്ധ സംഘടനകളുടെയും ആംബുലൻസുകൾ ഇതിനായി എത്തിച്ചു. ഇവയിൽ പരിക്കേറ്റവരെ ഘട്ടംഘട്ടമായി കൊണ്ടുപോകുകയായിരുന്നു.
കനത്ത മഴക്കിടയിലും നൂറുകണക്കിനുപേർ ആണ് അപകടസ്ഥലത്തും ആശുപത്രികളിലും രക്ഷാപ്രവർത്തനത്തിനെത്തിയത്. അപകടത്തിെൻറ വ്യാപ്തിയെ കുറിച്ച് അറിഞ്ഞതോടെ കൂടുതൽ സന്നദ്ധ-രാഷ്ട്രീയ സംഘടന പ്രവർത്തകർ കുതിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.