കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ഭാര്യ ഹാജരായി
text_fieldsകൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസിന് മുമ്പാകെ ഹാജരായി. അഭിഭാഷകനൊപ്പം കൊച്ചിയിലെ കസ്റ്റംസ് ഒാഫീസിലാണ് ഹാജരായത്. അർജുൻ പൂർണമായി ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിനാൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഭാര്യയെ വിളിപ്പിച്ചിരിക്കുന്നത്. അർജുന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ അമലയിൽ നിന്ന് കസ്റ്റംസ് മൊഴിയെടുക്കും.
അർജുൻ ആയങ്കിയുടെയും മുഹമ്മദ് ഷെഫീഖിന്റെയും ചോദ്യം ചെയ്യൽ ഞായറാഴ്ചയും തുടർന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ മുഹമ്മദ് ഷെഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുമ്പോൾ നീട്ടി നൽകാൻ കസ്റ്റംസ് അപേക്ഷ നൽകും.
അർജുന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്, സിം കാർഡ് പെൻഡ്രൈവ് എന്നിങ്ങനെ ചില ഡിജിറ്റൽ തെളിവുകൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുെടയും കേസിലെ ഇടപെടലിനെക്കുറിച്ച് വ്യക്തത വരുത്താൻ വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ അർജുന്റെ ക്വട്ടേഷൻ സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവരെയും ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.