കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ്; അന്വേഷണ സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിന്‍റെ മൊബൈൽ ഫോണിൽ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവാക്കാൻ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചത്.
ഇതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശവും ലഭിച്ചിരുന്നു. വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കരിപ്പൂർ പൊലീസ് കേസെടുത്തു.
പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിൽ പ്രകോപിതരായ സംഘമാണ് അന്വേഷണ സംഘത്തിന് നേരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ഇതുവരെ 27 ഓളം പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി രണ്ട് ദിവസം മുമ്പ് തള്ളുകയും ചെയ്തു.
ശബ്ദസന്ദേശം പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പോലീസിന്‍റെ മനോവീര്യം തകർക്കുന്നതിനുമായി കരിപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊടുവള്ളി സ്വദേശികളായ പ്രതികളെന്നു സംശയിക്കുന്നവരുടെ വീട്ടിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. മലപ്പും,കോഴിക്കോട് സിറ്റി,കോഴിക്കോട് റൂറൽ ജില്ലകളിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.